തിരൂർ: തിരൂരിൽ പിതാവ് ഓടിച്ച ഓട്ടോറിക്ഷ കുഴിയിൽ ചാടി റോഡിലേക്ക് തെറിച്ചുവീണ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം.
വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസലിന്റെയും ബൽക്കീസിന്റെയും മകൾ ഫൈസയാണ് (ആറ്) മരിച്ചത്.
തിരൂർ-ചമ്രവട്ടം റോഡിൽ ബി.പി അങ്ങാടി വിശ്വാസ് തിയറ്ററിനു സമീപത്ത് വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടം. ഓട്ടോറിക്ഷ കുഴിയിൽ വീണപ്പോൾ ആറു വയസ്സുകാരി റോഡിലേക്ക് തെറിച്ചുവീഴുകയും അപകടത്തിൽപെടുകയുമായിരുന്നു. ഉടൻ തിരൂർ ജില്ല ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 11ഓടെ മരിച്ചു.
തിരൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. പുറമണ്ണൂർ എ.എം.യു.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ഫൈസ.
സഹോദരങ്ങൾ: ഫാസിൽ, അൻസിൽ.