മലപ്പുറം: കൂട്ടിലങ്ങാടി പടിഞ്ഞാറുംമുറി വെള്ളം കൊളവിപ്പാടം കടലുണ്ടിപ്പുഴക്കടവിൽ ഒഴുക്കിൽപെട്ട് അമ്മയും മകനും മരിച്ചു. തമിഴ്നാട് ഈറോഡ് വീരപ്പൻ ഛത്രത്തിലെ ഷിബിന (32), മകൻ ഷർമേഷ് (സയാൻ -9) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു അപകടം.
പുഴയോരത്ത് കളിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന പന്ത് വെള്ളത്തിൽ വീണപ്പോൾ എടുക്കാനായി ഇറങ്ങിയതായിരുന്നു സയാൻ. എന്നാൽ, കാൽതെറ്റി വീണ് ഒഴുക്കിൽപെടുകയായിരുന്നു.
മകൻ മുങ്ങുന്നതുകണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു മാതാവായ ഷിബിന. മൂത്ത മകൻ ഫയാൻ അഹമ്മദ്, മാതാവ് ഷിബിനയുടെ സഹോദരി ആയിഷ, സഹോദരി പുത്രി ഫാത്തിമ എന്നിവർക്കൊപ്പമായിരുന്നു ഇവർ പുഴയോരത്തെത്തിയത്.
ഒഴുക്കിൽപെട്ട ഷിബിനെയെയും സയാനെയും ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ ഉടൻ പുറത്തെടുത്ത് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ടുപേരും പുഴയിൽ മുങ്ങിയതു കണ്ട് മൂത്തമകനും സഹോദരിമാരും പുഴയിലേക്ക് ഇറങ്ങിയെങ്കിലും പ്രദേശവാസികളുടെ സമയോചിത ഇടപെടലിലൂടെ അവരെ രക്ഷിക്കുകയായിരുന്നു.
ഇവർ പുഴക്കടവിലേക്ക് പോകുന്നതു സി.സി.ടി.വി ദൃശ്യത്തിലുണ്ട്.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം വ്യാഴാഴ്ച ഉച്ചക്ക് പടിഞ്ഞാറ്റുംമുറി ടൗൺ ജുമാമസ്ജിദിൽ ഖബറടക്കും.
ആറ് വർഷത്തോളമായി ഇവർ പടിഞ്ഞാറ്റുംമുറിയിലെ വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്.
മരിച്ച ഷർമേഷ് പടിഞ്ഞാറ്റുംമുറിയിലെ ഓർഫനേജ് സ്കൂൾ വിദ്യാർഥിയാണ്.