ചിറ്റൂർ: നെൽപാടത്തിലെ കൊക്കരണിയിൽ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ വിദ്യാർഥിനി മുങ്ങിമരിച്ചു.
കരിപ്പോട് വിക്കപ്പ് നടുവത്തുകളത്തിൽ ശിവദാസിന്റെ മകൾ ശിഖ ദാസാണ് (17) മരിച്ചത്. വടവന്നൂരിലെ വേലായുധ മെമ്മോറിയൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.
ശനിയാഴ്ച ഉച്ചക്ക് 12നാണ് സംഭവം. പെരുമാട്ടി വണ്ടിത്താവളം മേലെ എഴുത്താണിയിലെ കൂട്ടുകാരിയുടെ വീട്ടിലെത്തിയതായിരുന്നു ശിഖ. കൂട്ടുകാരിയുടെ വീടിനുസമീപത്തെ കൊക്കരണിയിൽ പെൺകുട്ടിയുടെ സഹോദരി അബദ്ധത്തിൽ അകപ്പെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശിഖ മുങ്ങിപ്പോവുകയായിരുന്നു.
20 അടിയിലധികം താഴ്ചയുള്ള കൊക്കരണിയിൽ നിറയെ വെള്ളമുണ്ടായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശിഖയെ രക്ഷിക്കാനായില്ല.
പിന്നീട് ചിറ്റൂർ അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങൾ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മീനാക്ഷിപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകി. ശശിലേഖയാണ് ശിഖയുടെ മാതാവ്. സഹോദരി: ശിൽപദാസ്.