ചാലക്കുടി: കോടതിവിധി പ്രകാരം വീട് ജപ്തി ചെയ്യാനെത്തുമെന്നറിഞ്ഞ ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. ചാലക്കുടി വെട്ടുകടവ് ചിറക്കൽ വേണുപണിക്കരുടെ മകൻ സോമസുന്ദരപ്പണിക്കറാണ് (64) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇദ്ദേഹം വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.
ഉച്ചതിരിഞ്ഞ് ജപ്തി നടപടികളുമായി കോടതി ജീവനക്കാർ വരാനിരിക്കെയാണ് സംഭവം. കോടശ്ശേരി സ്വദേശിയായിരുന്ന ഇദ്ദേഹം കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ചാലക്കുടി വെട്ടുകടവിലെ വീട്ടിൽ താമസമാക്കിയത്. ഇതിനിടയിൽ മുരിങ്ങൂരിലെ ഫിനാൻസ് സ്ഥാപനത്തിൽ ഇദ്ദേഹത്തിന് കടബാധ്യതയുണ്ടായി. വീട് ഈടുവെച്ചതിനാൽ കമ്പനിക്കാർ അതിൽ അവകാശം ഉന്നയിച്ച് ചാലക്കുടി കോടതിയിൽ കേസു കൊടുത്തു.
ചാലക്കുടി കോടതി സോമസുന്ദരപ്പണിക്കർക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചു. തുടർന്ന് ഫിനാൻസ് കമ്പനിക്കാർ ജില്ല കോടതിയിൽ കേസ് കൊടുത്തു. അതേ തുടർന്നാണ് വീട് ജപ്തി ചെയ്യാൻ ഉത്തരവുണ്ടായത്. എന്നാൽ, ഇതിനെതിരെ ഹൈകോടതിയെ സമീപിക്കാൻ ഇദ്ദേഹം തീരുമാനിച്ചതായി ഉറ്റവർ പറയുന്നു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് കോടതി നടപടിയുണ്ടാകുമെന്നറിഞ്ഞ ഇദ്ദേഹം കഴിഞ്ഞ കുറച്ചുദിവസമായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. വീട്ടുകാർ രാവിലെ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉച്ചതിരിഞ്ഞ് കോടതി ആമീനും സംഘവും എത്തിയിരുന്നെങ്കിലും മരണ വിവരമറിഞ്ഞ് തിരിച്ചുപോയി. ഭാര്യ: ലതിക.