ആമ്പല്ലൂർ: തലോരിൽ കൂട്ടിയിടിച്ച ലോറികളിലൊന്ന് പാഞ്ഞുകയറി മകൾക്കൊപ്പം നടന്നുപോവുകയായിരുന്ന വീട്ടമ്മക്ക് ദാരുണാന്ത്യം. തലോർ സ്വദേശി അരിക്കാടൻ വീട്ടിൽ ജോസിയുടെ ഭാര്യ ടാലിയാണ് (44) മരിച്ചത്. മകൾ അന്നക്കും ലോറി ഡ്രൈവർമാർക്കും അപകടത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു അപകടം.
തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്ന് സംസ്ഥാന പാതയിലേക്ക് തിരിഞ്ഞ ചരക്കുലോറിയുടെ ഇടതുവശത്ത് തൃശൂർ ഭാഗത്തുനിന്നു വന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട മുന്നിലെ ലോറി വലതു വശത്ത് റോഡരികിലൂടെ പോവുകയായിരുന്ന ടാലിയെയും മകൾ അന്നയെയും ഇടിച്ചുതെറിപ്പിച്ച് വൈദ്യുതി കാലിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടാലിയെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ അന്നയെയും ലോറി ഡ്രൈവർമാരെയും തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.