സെക്രേട്ടറിയറ്റ് ജീവനക്കാരൻ വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് മരിച്ചു
text_fieldsഹരികുമാർ
കാട്ടാക്കട: ഹിമാലയം ഉള്‍പ്പെടെ സന്ദര്‍ശനം നടത്തിയ സെക്രേട്ടറിയറ്റ് ജീവനക്കാരൻ നെയ്യാർവനത്തിലെ മീൻമുട്ടി വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് മരിച്ചു. പോത്തൻകോട് നേതാജിപുരം പഴിച്ചൻകോട് ഹൃദയകുഞ്ജത്തിൽ ഹരികുമാറാണ് (48) മരിച്ചത്.
ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടമെന്നാണ് പൊലീസ് നല്കിയ വിവരം. സഹപ്രവർത്തകരും സുഹൃത്തുക്കളുമായ മറ്റ് നാലുപേർക്കൊപ്പം വനത്തിലെ വെള്ളച്ചാട്ടത്തിൽ ട്രക്കിങ്ങിന് എത്തിയതായിരുന്നു. സുഹൃത്തുക്കൾക്ക് ഒപ്പമെത്തി ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
അപകടസമയം മഴയും വെള്ളച്ചാട്ടത്തിലേക്കുള്ള ഒഴുക്കും ശക്തമായിരുന്നു. അപകടശേഷം വനപാലകസംഘം മീന്‍മുട്ടിയിലെത്തി. തുടര്‍ന്ന് ജീപ്പിലാണ് മൃതദേഹം കാപ്പുകാട് എത്തിച്ചത്. തുടർന്ന് നെയ്യാർഡാം പൊലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സെക്രേട്ടറിയറ്റിൽ റവന്യൂ വകുപ്പിലെ ജീവനക്കാരനാണ്. ഭാര്യ: ശ്രീരേഖ (വനം വകുപ്പ്, വഴുതക്കാട് ഹെഡ് ഓഫിസ്). മകൻ: ഗൗതം ഹരി.

