ഏഴാം ക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു
text_fieldsവെള്ളറട (തിരുവനന്തപുരം): കൊമ്പൈക്കാണിയില്‍ കാട്ടാന ഏഴാം ക്ലാസ് വിദ്യാർഥിയെ ചവിട്ടിക്കൊന്നു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തെന്മല ആറ്റരികത്തുവീട്ടില്‍ ഗോപന് കാണി-ബിന്ദു കാണിക്കാരി ദമ്പതികളുടെ മകൻ ഷിജുവാണ് (14) മരിച്ചത്. അമ്പൂരി സെൻറ് തോമസ് ഹയര്‍സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
ജ്യേഷ്ഠൻ അലൻ, സുഹൃത്തുക്കളായ സുജിത്ത്, ഷിജു എന്നിവർക്കൊപ്പം ശതാവരിക്കിഴങ്ങ് ശേഖരിക്കാന്‍ തെന്മലയില്നിന്ന് ആറ് നീന്തിക്കടന്ന് കൊമ്പൈക്കാണിയില്‍ എത്തിയതായിരുന്നു.
കാട്ടാനക്കൂട്ടത്തിൽനിന്ന് ചിന്നം വിളിച്ചെത്തിയ ആന കുട്ടികളെ ആക്രമിക്കുകയായിരുന്നു. നെയ്യാർഡാം പൊലീസും വനം വകുപ്പ് അധികൃതരും മൃതദേഹം ബോട്ടില്‍ നെയ്യാർഡാമിലെത്തിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
പരിക്കേറ്റ അലന്, സുജിത് എന്നിവർ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന ഷിജു പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സ്കൂൾ തുറക്കാത്തതും വീട്ടിലെ ഭക്ഷണദൗർലഭ്യവുമാണ് വിദ്യാർഥികൾ കായ്കനികള്‍ ശേഖരിക്കാന്‍ പോകാന്‍ കാരണം.

