കുരുന്നുകളെ കളരി അഭ്യസിപ്പിക്കാൻ ഇനി ഗുരുക്കൾ മുഹമ്മദ് ഇല്ല
text_fieldsമുഹമ്മദ്
വാടാനപ്പള്ളി: കുരുന്നുകളെ കളരി അഭ്യസിപ്പിക്കാൻ കളരി ഗുരുക്കൾ മുഹമ്മദ് ഇനിയുണ്ടാകില്ല. നടുവിൽക്കര പ്രാചീന കേരള കളരി സംഘത്തിലെ ഗുരുക്കൾ പണിക്കവീട്ടിൽ മുഹമ്മദ് (75) ചൊവ്വാഴ്ച വൈകീട്ട് മരിച്ചു.
ഞായറാഴ്ച വീട്ടിൽ തലയിടിച്ച് വീണ ഇദ്ദേഹത്തെ ആദ്യം ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ മരിച്ചു. ചെറുപ്പത്തിൽ തലശ്ശേരിയിൽനിന്നാണ് കളരി അഭ്യസിച്ചത്. തുടർന്ന് മറ്റിടങ്ങളിലും കളരിമുറകൾ പഠിച്ച് രംഗത്തിറങ്ങി. 1969ൽ നടുവിൽക്കരയിൽ കളരി അഭ്യാസകേന്ദ്രം ആരംഭിച്ചു. അതിന് പ്രാചീന കേരള കളരി സംഘം എന്ന് പേരിട്ടു. കേന്ദ്രം ആരംഭിച്ചതോടെ അഭ്യാസമുറകൾ പഠിക്കാൻ കുരുന്നുകൾ എത്തിത്തുടങ്ങി. നിരവധി പേരെയാണ് ഇതിനകം കളരി പഠിപ്പിച്ചത്.
തൃശൂർ ജില്ലയിലും പുറത്തും ശിഷ്യന്മാർ ധാരാളമായി. കളരി മത്സരങ്ങളിൽ പങ്കെടുത്ത് മുഹമ്മദ് ഗുരുക്കളുടെ ടീം കഴിവ് തെളിയിച്ച് സമ്മാനങ്ങൾ വാരിക്കൂട്ടി. 24 തവണ ജില്ലയിൽ വിജയം കൈവരിച്ചു. നാല് തവണ സംസ്ഥാന മത്സരത്തിലും കഴിവ് തെളിയിച്ചു. കോമൺവെൽത്ത് ഗെയിംസിലും പങ്കെടുത്തു. ജലോത്സവങ്ങളിലും ഫെസ്റ്റിവലുകളിലും പങ്കെടുത്ത് ജനപ്രിയം നേടിയിരുന്നു. മൂന്ന് മക്കളെയും കളരി അഭ്യസിപ്പിച്ച് നേതൃനിരയിലേക്ക് കൊണ്ടുവന്നു.
പ്രായമായതോടെ മൂത്ത മകൻ ഷമീറാണ് കളരി അഭ്യസിപ്പിക്കുന്നത്. പേരക്കുട്ടി മുബഷീറയും കളരി അഭ്യസിച്ചു. മുഹമ്മദിെൻറ പാത പുതുതലമുറക്ക് വേണ്ടി വിനിയോഗിക്കാനാണ് ഷമീറിെൻറ തീരുമാനം. ഭാര്യ: ഫാത്തിമ. മറ്റു മക്കൾ: ഷക്കീർ, ഷബീർ. മരുമക്കൾ: ഷമിത, ഷംസിത, ഹാരിസ. ഖബറടക്കം ബുധനാഴ്ച ഗണേശമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.