മുംബൈ: അറബിക്കടലിൽ ഒ.എൻ.ജി.സിയുടെ എണ്ണ ഖനന കേന്ദ്രങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്ന കപ്പലിന് തീപിടിച്ച് മലയാളി ഉൾെപടെ മൂന്നു പേർ മരിച്ചു. ഗ്രേറ്റ് ഇൗസ്റ്റേൺ ഷിപ്പിങ് കമ്പനിയുടെ 'ഗ്രേറ്റ്ഷിപ് രോഹിണി'യിലെ എൻജിൻ മുറിയിൽ ശനിയാഴ്ച രാവിലെ 8.57നാണ് തീപിടിത്തമുണ്ടായത്. 18 ജീവനക്കാരിൽ 15 പേരെ ശനിയാഴ്ചതന്നെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നുപേരെ കാണാതാവുകയായിരുന്നു.
എൻജിൻ മുറിയിൽ കുടുങ്ങിയ കപ്പലിലെ എൻജിനീയർ അങ്കമാലി, കോടുശ്ശേരി, തെങ്കൻ വാഴക്കാല വീട്ടിൽ ആൻറണിയുടെ മകൻ അനിത് ആൻറണി (31), ഫിറ്റർ അക്ഷയ് നികം, ഒായിലർ രഞ്ജിത് സാവന്ത് എന്നിവരുടെ മൃതദേഹമാണ് ഞായറാഴ്ച കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അറബിക്കടലിൽ 92 നോട്ടിക്കൽ മൈൽ അകലെയുള്ള എൻ.ക്യൂ.ഒ റിഗ്ഗിന് അടുത്തുവെച്ചാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച കരക്കെത്തിച്ചവരിൽ 95 ശതമാനം പൊള്ളലേറ്റ ഇലക്ട്രിക്കൽ ഒാഫിസർ ഗുർബീന്ദർ സിങ് ചികിത്സയിലാണ്. എൻജിൻ മുറിയിലെ പുക കാരണം ശനിയാഴ്ച തിരച്ചിൽ തടസ്സപ്പെടുകയായിരുന്നു. കപ്പൽ തിങ്കളാഴ്ച കരക്കടുപ്പിക്കും.
ഡിസംബർ 12നാണ് അനിത് ആൻറണി 'ഗ്രേറ്റ്ഷിപ് രോഹിണി'യിൽ ജോലിയിൽ കയറിയത്. മുംബൈക്കടുത്ത് വസായ് വെസ്റ്റിലെ 100 ഫീറ്റ് റോഡിലുള്ള വിശ്വകർമ നഗറിൽ സ്ഥിരതാമസക്കാരനാണ് അനിത്. അമ്മ: അനിത. സഹോദരൻ: അങ്കിത്.