ജിദ്ദയിൽ മരിച്ച മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസലിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി
text_fieldsമുഹമ്മദ് ഫൈസൽ
ജിദ്ദ: കഴിഞ്ഞ വെള്ളിയാഴ്ച്ച ജിദ്ദ ശാറാ ഹിറയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം മേലാറ്റൂർ കർക്കിടകാംകുന്ന് സ്വദേശി ചേർക്കയിൽ മുഹമ്മദ് ഫൈസലിന്റെ (49) മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി. ജിദ്ദയിലെ മഹ്ജർ എംബാമിങ് സെൻ്ററിൻ നിന്ന് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് അംഗം സുബൈർ വട്ടോളിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച്ച അർധരാത്രി ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിച്ച മൃതദേഹം ഇന്ന് (ബുധൻ) രാവിലെ ഒമ്പത് മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാടിൻ്റെയും, മുഹമ്മദ് ഫൈസലിന്റെ കുടുംബാഗങ്ങളുടേയും നേതൃത്വത്തിൽ ഏറ്റുവാങ്ങി.
സ്വദേശത്തെത്തിച്ച മൃതദേഹം വീട്ടിലെ പൊതുദർശനത്തിന് ശേഷം മേലാറ്റൂർ കാഞ്ഞിരംപാറ റഹ്‌മാനിയ ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കി. ടർഫിൽ ഫുട്ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ മുഹമ്മദ് ഫൈസലിനെ ജിദ്ദ സൗദി ജർമൻ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച്ച രാവിലെയാണ് ഇദ്ദേഹം മരിച്ചത്. ശാറ ഹിറയിൽ മൊബൈൽ ഷോപ്പിലായിരുന്നു ജോലി. 26 വർഷമായി പ്രവാസിയായിരുന്ന ഇദ്ദേഹം എട്ട് മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്. അടുത്ത ആഴ്ച്ച ലീവിന് നാട്ടിൽ പോവാനിരിക്കെയായിരുന്നു അപ്രതീക്ഷിത മരണം. പരേതനായ ചേർക്കയിൽ ഹംസയാണ് പിതാവ്. ഭാര്യ: സുനീറ, നാല് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

