ശാരദ മസ്കത്തിൽ തിരിച്ചെത്തിയത് 10 ദിവസം മുമ്പ്
text_fieldsശാരദ അയ്യർ ട്രക്കിങ്ങിനിടെ. സഹോദരി
ചിത്ര അയ്യർ ഇൻസ്റ്റയിൽ
പങ്കുവെച്ച ചിത്രം
ഡോ. ആർ.ഡി. അയ്യർ, ഡോ. രോഹിണി അയ്യർ, മക്കളായ ചിത്ര അയ്യർ, ശാരദ അയ്യർ, രമ അയ്യർ എന്നിവർ (ഫയൽ)
മസ്കത്ത്: ജബൽ ശംസിൽ ട്രക്കിങ്ങിനിടെ അപകടത്തിൽപെട്ട ശാരദ അയ്യർ (52) മസ്കത്തിൽ തിരിച്ചെത്തിയത് 10 ദിവസം മുമ്പായിരുന്നു. പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായാണ് ശാരദ നാട്ടിലേക്ക് മടങ്ങിയത്. പിതാവ് മരിച്ച് ഒരു മാസം തികയുന്നതിന് മുമ്പ് മകളെയും മരണം കവർന്ന വാർത്ത കുടുംബത്തിന് തീരാവേദനയായി. സഹോദരിയുടെ വിയോഗ വാർത്ത ഗായിക ചിത്ര അയ്യർ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ‘എന്റെ സഹോദരി ശാരദ ഇന്നലെ ഉച്ചക്ക് ഏകദേശം രണ്ടു മണിയോടെ ഒമാനിൽ ട്രക്കിങ്ങിനിടെയുണ്ടായ അപ്രതീക്ഷിത അപകടത്തിൽ മരിച്ചു. ഞങ്ങൾ അതീവ ദുഃഖിതരും ഹൃദയം തകർന്ന അവസ്ഥയിലുമാണ്’- ചിത്ര തന്റെ എഫ്.ബി പോസ്റ്റിൽ കുറിച്ചു. 2024 ഏപ്രിലിലായിരുന്നു അമ്മയുടെ വിയോഗം. രമ അയ്യർ മറ്റൊരു സഹോദരിയാണ്.
ശാരദയുടെ പിതാവ് ഡോ. ആർ.ഡി. അയ്യർ അറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞൻ കൂടിയായിരുന്നു. ഡോ.എം.എസ്. സ്വാമിനാഥന്റെ ശിഷ്യനായിരുന്നു അദ്ദേഹം. ജീവിതാവസാനംവരെ കൃഷിയെയും മണ്ണിനെയും നെഞ്ചോട് ചേർത്ത അദ്ദേഹം, കാസർകോട് സി.പി.സി.ആർ.ഐ സീനിയർ പ്രിൻസിപ്പൽ ആയി വിരമിച്ചശേഷവും വിശ്രമ ജീവിതവും കൃഷിക്കായി തന്നെയായിരുന്നു മാറ്റിവെച്ചിരുന്നത്. തഴവയിൽ വെങ്കട്ടമ്പള്ളി മഠത്തിൽ ഭാര്യയും സയൻറിസ്റ്റിറ്റും ആയിരുന്ന ഡോ. രോഹിണി അയ്യരുമായി ചേർന്ന് നവശക്തി ട്രസ്റ്റ് രൂപവത്കരിച്ച് കൃഷിയിലേക്ക് തിരിയുകയായിരുന്നു.
തഴവ വെങ്കട്ടമ്പള്ളി മഠത്തിലെ ഏക്കർ കണക്കിന് ഭൂമിയിൽ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയ്ത് കർഷകരെ പഠിപ്പിച്ച അയ്യർ, നവശക്തി ട്രസ്റ്റിലൂടെ അത്യുൽപാദന ശേഷിയുള്ള വിത്തും ജൈവ വളങ്ങളും കർഷകർക്ക് ലഭ്യമാക്കിയിരുന്നു. നാടൻ പച്ചക്കറികൾ ഉൽപാദിപ്പിച്ച് വിൽപന നടത്താൻ പ്രത്യേക കൗണ്ടറും സ്ഥാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

