മുതിർന്ന ആർ.എസ്.എസ് പ്രചാരക് ആർ. ഹരി അന്തരിച്ചു
text_fieldsകൊച്ചി: മുതിർന്ന ആർ.എസ്.എസ് പ്രചാരകൻ ആർ. ഹരി അന്തരിച്ചു. 93 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചി അമൃത ആശുപത്രിയിൽ ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു അന്ത്യം. ആർ.എസ്.എസ് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖും എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു. മൃതദേഹം ഞായറാഴ്ച ആർ.എസ്.എസ് സംസ്ഥാന കാര്യാലയമായ എറണാകുളം എളമക്കര മാധവനിവാസിൽ പൊതുദർശനത്തിന് വെച്ചു. അവസാനകാലത്ത് വിശ്രമജീവിതം നയിച്ചിരുന്ന തൃശൂർ മായന്നൂർ തണൽ ബാലാശ്രമത്തിൽ തിങ്കളാഴ്ച 11 മണി വരെ പൊതുദർശനത്തിന് വെച്ച ശേഷം ഐവർമഠത്തിൽ സംസ്കരിക്കും.
തെരുവിൽപറമ്പിൽ വീട്ടിൽ ടി.ജെ. രംഗഷേണായിയുടെയും തൃപ്പൂണിത്തുറ സ്വദേശിനി പത്മാവതിയുടെയും മകനായി 1930 ഡിസംബർ അഞ്ചിന് എറണാകുളം പുല്ലേപ്പടിയിലാണ് ജനനം. എട്ട് മക്കളിൽ രണ്ടാമനായിരുന്നു. സെന്റ് ആൽബർട്സ് സ്കൂൾ, മഹാരാജാസ് കോളജ് തുടങ്ങിയിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ധനതത്ത്വശാസ്ത്രത്തിൽ ബിരുദം നേടി. ബിരുദ പഠനത്തിന് ശേഷം പൂർണസമയ ആർ.എസ്.എസ് പ്രവർത്തകനായി. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
1983 മുതൽ 1993 വരെ കേരള പ്രാന്ത പ്രചാരക്, 1990ൽ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ്, 1991-2005ൽ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ്, 1994 മുതല്‍ 2005 വരെ ഏഷ്യ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഹിന്ദു സ്വയംസേവക് സംഘിന്റെ പ്രഭാരി, 2005-2006 വരെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ അംഗം എന്നീ പദവികൾ വഹിച്ചു.
സംസ്‌കൃതം, കൊങ്കിണി, മലയാളം, ഹിന്ദി, മറാത്തി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി അമ്പതോളം ഗ്രന്ഥങ്ങൾ രചിച്ചു. ഗുജറാത്തി, ബംഗാളി, അസമിയ ഭാഷകളിലും പ്രാവീണ്യം നേടി. അഞ്ചു ഭൂഖണ്ഡങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. പൃഥ്വി സൂക്ത: ആൻ ഓഡ് ടു മദർ എർത്ത് എന്ന പുസ്തകമാണ് അവസാനം പുറത്തിറങ്ങിയത്. ഗാന്ധി വധത്തെ തുടർന്ന് ആർ.എസ്.എസ് നിരോധിച്ചപ്പോൾ 1948 ഡിസംബര്‍ മുതൽ 1949 ഏപ്രിൽ വരെ കണ്ണൂരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

