ശബരിമല തിരുവാഭരണ ഗുരുസ്വാമി ഗംഗാധരൻ പിള്ള അന്തരിച്ചു
text_fieldsഗംഗാധരൻ പിള്ള
പന്തളം: ശബരിമല തിരുവാഭരണ ഗുരുസ്വാമി, തോന്നല്ലൂർ കുളത്തിനാൽ ഗംഗാധരൻ പിള്ള (92) അന്തരിച്ചു. ഏഴു പതിറ്റാണ്ടുകാലം തിരുവാഭരണങ്ങൾ ശിരസ്സിലേറ്റിയ ഇദ്ദേഹം, 20 വർഷം ഗുരുസ്വാമിയായിരുന്നു.
മകരസംക്രമ നാളിൽ ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങൾ പന്തളം വലിയ കോയിക്കൽ ശ്രീധർമ ശാസ്ത ക്ഷേത്രത്തിൽ നിന്ന് 70 വർഷമായി മുടങ്ങാതെ സന്നിധാനത്ത് എത്തിച്ചത് ഗംഗാധരൻ പിള്ളയായിരുന്നു. 20 വയസ്സ് മുതൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ നാടും കാടും കാൽനടയായി താണ്ടിയാണ് ശബരിമലയിൽ എത്തിച്ചത്. 2023 വരെ തിരുവാഭരണങ്ങൾ കൊണ്ടുപോയിരുന്നു. ആഭരണങ്ങളുമായി മകരവിളക്കിന് രണ്ടുനാൾ മുമ്പാണ് പന്തളത്തു നിന്ന് യാത്രയാകുന്നത്.
അച്ഛൻ നാരായണ പിള്ളക്കൊപ്പമാണ് ഗംഗാധരൻ പിള്ള ആദ്യമായി ഘോഷയാത്രയെ അനുഗമിച്ചത്. 22 പേരാണ് ഗംഗാധരൻ പിള്ളയുടെ സംഘത്തിലുള്ളത്. വ്രതശുദ്ധിയും അയ്യപ്പസ്വാമിയോടുള്ള തികഞ്ഞ അർപ്പണബോധവുമാണ് ഗംഗാധരൻ പിള്ളയെന്ന അയ്യപ്പദാസന്റെ കരുത്ത്. കഴിഞ്ഞ 70 വർഷമായി വൃശ്ചികം ഒന്ന് മുതൽ വ്രതം നോൽക്കുന്ന പതിവ് തെറ്റിച്ചിട്ടില്ല. 41 വരെ നീളുന്ന ആളുപൂജ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നതും ഇദ്ദേഹമായിരുന്നു.
പ്രായാധിക്യം മൂലം മൂന്നു വർഷമായി തിരുവാഭരണങ്ങളുമായുള്ള ശബരിമല യാത്രയിൽനിന്ന് ഒഴിവായിരുന്നു. ഗുരുസ്വാമി കൊച്ചുതുണ്ടിൽ ഭാസ്കരൻ പിള്ളയുടെ മരണത്തെ തുടർന്നാണ് കഴിഞ്ഞ 20 വർഷക്കാലം ഗുരുസ്വാമിയായത്. 2025 ഫെബ്രുവരി ആറിന് ഇദ്ദേഹത്തിന്റെ നവതി പന്തളദേശം ഭക്തിപുരസ്സരം ആഘോഷിച്ചിരുന്നു.
ഭാര്യ: പരേതയായ ഗൗരിക്കുട്ടി അമ്മ. മക്കൾ: ഉണ്ണി കുളത്തിനാൽ, പുഷ്പ, സിന്ധു, സുനിത. മരുമക്കൾ: രജിത (അധ്യാപിക, എൻ.എസ്.എസ് ജി.എച്ച്.എസ്, പന്തളം), മധു കരിങ്ങോടത്ത്, മധു കുമാർ, പരേതനായ സോപാനം ശ്രീകുമാർ. സംസ്കാരം ശനിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

