നാലുപതിറ്റാണ്ടിലേറെ സൗദിയിൽ പ്രവാസിയായിരുന്ന പീർ മുഹമ്മദ് സാലിഹ് നിര്യാതനായി
text_fieldsപീർ മുഹമ്മദ് സാലിഹ്
ജുബൈൽ: നാല് പതിറ്റാണ്ടിലേറെ സൗദിയിൽ പ്രവാസിയായിരുന്ന തിരുവനന്തപുരം കരമന 'ഫിറാഷി'ൽ പീർ മുഹമ്മദ് സാലിഹ് (81) നാട്ടിൽ നിര്യാതനായി. ജുബൈലിലെ സൗദി ഷെവറോൺ, സാബിക്ക് തുടങ്ങി പ്രമുഖ പെട്രോകെമിക്കൽ കമ്പനികളിൽ പ്രൊജക്റ്റ് എൻജിനീയർ ആയി ജോലി ചെയ്ത ശേഷം നാലുവർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
ഇറ്റലിയിലെ റ്റെക്നി പെട്രോൾ, ജപ്പാനിലെ മിറ്റ്സുയി, കെല്ലോഗിലെ എം.ഡബ്ള്യു തുടങ്ങിയ കമ്പനികൾക്ക് വേണ്ടി ജോലി ചെയ്തിരുന്നു. എറണാകുളം പനങ്ങാടുള്ള ഹിറ പബ്ലിക്ക് സ്കൂൾ ചെയര്‍മാന്‍ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി ഇടപ്പള്ളിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീണതിനെ തുടർന്നായിരുന്നു അന്ത്യം. ഖബറടക്കം തിരുവനന്തപുരം കരമനയിൽ നടന്നു.
കൊച്ചിയിലെ മുഞ്ചിറയ് സർക്കാർ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭാസം നേടിയ ശേഷം തിരുവനന്തപുരം ഗവ. കോളജിൽ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീറിങ് പാസ്സായി. 1972 ലെ ഐ.ഐ.ടി ടൂർക്കേ ബാച്ചില്‍നിന്നും സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. കൊല്ലം ടി.കെ.എം കോളജിൽ അധ്യാപകനായി സേവനം തുടങ്ങിയെങ്കിലും പിന്നീട് കെ.എസ്.ഇ.ബിയിൽ ജോലിയിൽ പ്രവേശിച്ചു. അവിടെ നിന്നാണ് സൗദിയിൽ എത്തുന്നത്.
സൗദിലെ ആദ്യത്തെ സ്വദേശിവത്കരണത്തിലും നിതാഖാത്ത് ഘട്ടങ്ങളിലും ജോലി നഷ്ടപ്പെടാതിരുന്ന അത്യപൂര്‍വ്വം വിദേശികളിൽ ഒരാളായിരുന്നു സാലിഹ്. കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന റോഡുകളില്‍ ഒന്നായ ദമ്മാം-ദഹ്റാന്‍ ഹൈവേയുടെ സീനിയര്‍ സ്ട്രക്ച്ചറല്‍ ഡിസൈൻ എഞ്ചിനീയറായിരുന്നു അദ്ദേഹം.
അസോസിയേഷൻ ഓഫ് മലയാളി പ്രഫഷണൽസ് (ആംപ്സ്) ഉൾപ്പടെ നിരവധി സാമൂഹിക സംഘടനകളിൽ അംഗമായിരുന്നു. ഔദ്യോഗിക മേഖലയിലും അല്ലാതെയും ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്ന അദ്ദേഹം ഇസ്‍ലാമിക വിഷയങ്ങളിലും നന്നായി അവഗാഹമുള്ളയാളായിരുന്നു.
പരേതയായ ഫാത്തിമ ബീവിയാണ് ഭാര്യ. എൻജിനീയർ അബ്ദുൽഖാദർ (ജുബൈൽ), ഡോ. ഖമറുദ്ദിൻ (ജുബൈൽ കിംസ് ആശുപത്രി), സൈറ എന്നിവർ മക്കളും എൻജിനീയർ ഹരീഷ് റഹ്മാൻ, സജ്‌ന, സൽമ ഖാൻ എന്നിവർ ജാമാതാക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

