തടി കയറ്റിയ ലോറി ഓട്ടോയുടെ മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
text_fieldsഷൈജു
പത്തനംതിട്ട: മൈലപ്ര മേക്കൊഴൂർ പുതുവേലിപ്പടിയിൽ തടി കയറ്റിയ ലോറി ഓട്ടോയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഉതിമൂട് സ്വദേശിയായ ഡ്രൈവർ ഷൈജുവാണ് (40) മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ഉതിമൂട് കോയിക്കോട്ട് രാജേഷ് (40), ലോറിയില്‍ ഉണ്ടായിരുന്ന കുമ്പഴ തറയില്‍ വീട്ടില്‍ ജയന് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി ഏഴിന് മൈലപ്ര പഞ്ചായത്ത് മേക്കൊഴൂർ റോഡ് വളവിൽ ആയിരുന്നു അപകടം. ഈ റോഡിലേക്ക് ഇടറോഡിലെ ഇറക്കം ഇറങ്ങി വരുകയായിരുന്ന തടികയറ്റിയ ലോറി നിയന്ത്രണം വിട്ട് അതേ ദിശയിൽ വരുകയായിരുന്ന ഓട്ടോയുടെ മുകളിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ ലോറിയിലെ തടി സമീപത്തെ മതിലിൽ ഇടിച്ചുനിന്നു. ഇതിനടിയിലായിപ്പോയ ഓട്ടോ രണ്ട് ക്രെയിൻ എത്തിച്ച് ഉയർത്തി വെട്ടിപ്പൊളിച്ചാണ് ഇവരെ അഗ്നിരക്ഷാേസനയും പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെത്തിച്ചത്.