പത്തനംതിട്ട: കോന്നി എലിയറക്കലില്‍ ബാലികസദനത്തിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ചിറ്റാർ സ്വദേശിനിയായ സൂര്യ(15)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാലിക സദനത്തിന്റെ മുകളിലെത്തെ നിലയിൽ ഒപ്പമുള്ള മറ്റ് കുട്ടികളാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
അമ്മ മരിച്ചതിനെ തുടര്‍ന്ന് നോക്കാന്‍ ആളില്ലാത്തതിനാല്‍ ശിശു ക്ഷേമ സമിതി കുട്ടിയെ ബാലികാ സദനത്തിലാക്കുകയായിരുന്നു. പത്ത് വർഷമായി ഇവിടെ താമസിച്ചാണ് പഠനം. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി അച്ഛനടക്കമുള്ള ബന്ധുക്കളെ കാണാനായി സൂര്യ ചിറ്റാറിലുള്ള വീട്ടിലേക്ക് പോയിരുന്നു. മടങ്ങി വന്ന ശേഷം സൂര്യയെ ദുഃഖിതയായി കണ്ടുവെന്നും ഭക്ഷണം കഴിക്കുന്നതിനടക്കം വിമുഖത കാണിച്ചിരുന്നുവെന്നും ഒപ്പമുള്ള കുട്ടികൾ പറഞ്ഞു. തുടർന്ന് ബാലിക സദനം അധികൃതർ സൂര്യക്ക് കൗൺസിലിങ് നൽകിയിരുന്നു.
മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസും സി.ഡബ്ള്യു.സിയും അന്വേഷണം ആരംഭിച്ചു.