ഒളിമ്പ്യൻ എസ്.എസ്. നാരായണൻ അന്തരിച്ചു
text_fieldsമുംബൈ: ഒളിമ്പ്യൻ എസ്.എസ്. നാരായണൻ എന്ന ബാബു നാരായണൻ (86) അന്തരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഇദ്ദേഹം മഹാരാഷ്ട്രയിലെ താണെയിലാണ് കഴിഞ്ഞിരുന്നത്.
1956 ലെ മെൽബൺ, 1960 ലെ റോം ഒളിമ്പിക്സുകളിൽ ഇന്ത്യൻ ഫുട്ബാൾ ടീം ഗോൾകീപ്പറായിരുന്നു. പീറ്റർ തങ്കരാജൻ, പി.കെ. ബാനർജി, ചുനി ഗോസ്വാമി തുടങ്ങിയവർക്കൊപ്പമായിരുന്നു എസ്.എസ്. നാരായണൻ ഇന്ത്യൻ ടീമിൽ ഇടം നേടിയത്. രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്.
1954 ൽ മഹാരാഷ്ട്ര ബാസ്ക്കറ്റ് ബാൾ ടീം അംഗമായിരുന്ന നാരായണൻ പിന്നീട് ഫുട്ബാളിലേക്ക് മാറുകയായിരുന്നു. ടാറ്റാസ് ഫുട്ബാൾ ക്ലബ്, കാൾടെക്സ് ടീമുകളിൽ കളിച്ച ശേഷമാണ് ഇന്ത്യൻ ടീമിലെത്തുന്നത്. സംസ്കാരം വെള്ളിയാഴ്ച താണെയിൽ നടക്കും. പരേതയായ പാർവതിയാണ് ഭാര്യ.മക്കൾ മുരളി, ലക്ഷ്മി, ജാനകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

