പ്രശസ്ത പഞ്ചാബി ഗായിക ഗുർമീത് ബാവ അന്തരിച്ചു
text_fieldsഅമൃത്സർ: പ്രശസ്ത പഞ്ചാബി നാടോടി ഗായിക ഗുർമീത് ബാവ (77) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതയായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പഞ്ചാബി നാടോടി ഗായകൻ കിർപാൽ ബാവയുടെ ഭാര്യയാണ്. 45 സെക്കൻഡ് ശ്വാസംമുറിയാതെയുള്ള ആലാപനമാണ് ഇവരെ പ്രശസ്തയാക്കിയത്.
ദേശീയ ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ പഞ്ചാബി ഗായികയായിരുന്നു. 1944ൽ പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ കോഥെ ഗ്രാമത്തിൽ ജനിച്ച ഗുർമീത് ബാവ പഞ്ചാബ് നാടോടി ഗാനമായ 'ജുഗ്നി'യിലുടെയാണ് ജനപ്രിയയായത്.
പഞ്ചാബ് സർക്കാറിെൻറ സംസ്ഥാന പുരസ്‌കാരം, പഞ്ചാബ് നാടക അക്കാദമിയുടെ സംഗീത പുരസ്‌കാരം, മധ്യപ്രദേശ് സർക്കാറിെൻറ ദേശീയ ദേവി അഹല്യ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. വിയോഗത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അനുശോചിച്ചു.