ഉദയ്പൂര്‍ രൂപത പ്രഥമ ബിഷപ് ഡോ. ജോസഫ് പതാലില്‍ അന്തരിച്ചു
text_fieldsകോട്ടയം: രാജസ്ഥാനിലെ ഉദയ്പൂര്‍ രൂപതയുടെ പ്രഥമ ബിഷപ് ഡോ. ജോസഫ് പതാലില്‍ (85) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് 12നായിരുന്നു അന്ത്യം. സംസ്കാരം ഈ മാസം 19ന് രാവിലെ 10ന് ഉദയ്പൂര്‍ അലിപ്പുര ഫാത്തിമ മാതാ കത്തീഡ്രലില്‍.
1937 ജനുവരി 26ന് കോട്ടയം നെടുങ്കുന്നം ഇടവകയില്‍ പതാലില്‍ സ്കറിയ സ്കറിയയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച ഡോ. ജോസഫ് പതാലില്‍ സ്കൂള്‍ വിദ്യാഭ്യാസകാലത്ത് അജ്മീര്‍ രൂപത മിഷനില്‍ വൈദികാര്‍ഥിയായി ചേരുകയായിരുന്നു. 1963 സെപ്റ്റംബര്‍ 21ന് പൗരോഹിത്യം സ്വീകരിച്ചു. ദക്ഷിണ രാജസ്ഥാനിലെ ഉള്‍നാടന്‍ മേഖലയായ മസ്ക മഹുഡിയിലാണ് മിഷന് പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചത്. അമ്പപ്പാഡ മിഷന് കേന്ദ്രത്തില്‍ ആറുവര്‍ഷവും ഡുംഗര്‍പൂരില്‍ 12 വര്‍ഷവും സേവനമനുഷ്ഠിച്ചു.
1984ല്‍ അജ്മീര്‍-ജയ്പൂര്‍ രൂപത വിഭജിച്ച് ഉദയ്പൂര്‍ രൂപത രൂപവത്കരിച്ചപ്പോള്‍ പ്രഥമ ബിഷപ്പായി. 27 വര്‍ഷം രൂപതയുടെ സാരഥ്യം വഹിച്ച ഇദ്ദേഹം 2012ല്‍ പദവിയൊഴിഞ്ഞ് വിശ്രമജീവിതം നയിക്കുകയായിരുന്നു.
സഹോദരങ്ങള്‍: പി.എസ്. മാത്യു, ജോണ്‍, ചാക്കോ, സിസ്റ്റര്‍ ജെയ്ന(ജയ്പൂര്‍), പരേതരായ സ്കറിയ, ഏലിയാമ്മ, സിസ്റ്റര്‍ മരീന.