ഡോ. എൻ. ചന്ദ്രശേഖരൻ നായർ അന്തരിച്ചു
text_fieldsതിരുവനന്തപുരം: ഹിന്ദി സാഹിത്യ അക്കാദമി സ്ഥാപകനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. എൻ. ചന്ദ്രശേഖരൻ നായർ അന്തരിച്ചു. 98 വയസ്സായിരുന്നു. ഒരു പുരുഷായുസ്സ് മുഴുവൻ ഹിന്ദി ഭാഷയുടെ സമഗ്ര വളർച്ചക്കും പ്രചാരണത്തിനുമായി പ്രവർത്തിച്ച അതുല്യ വ്യക്തിത്വമാണ്. തിങ്കളാഴ്ച രാത്രി പട്ടത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
2020ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 50 ലേറെ ഗ്രന്ഥങ്ങൾ ഹിന്ദിയിലും മലയാളത്തിലുമായി രചിച്ചു. പലതും വിവിധ സർവകലാശാലകളിൽ പാഠ്യവിഷയമാണ്. തിരുവനന്തപുരം എം.ജി കോളജ് ഹിന്ദി വിഭാഗം മുൻ മേധാവിയാണ്. യു.ജി.സി എമിരറ്റസ് പ്രഫസർ, മേജർ റിസർച്ച് സ്കോളർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ ഹിന്ദി ഉപദേശകസമിതി അംഗം, കേന്ദ്ര സർക്കാർ ഉപദേശകൻ, കേരള സർവകലാശാല സെനറ്റംഗം, ഹിന്ദി പാഠപുസ്തക സമിതി ചെയർമാൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
ഹിന്ദിയിലും മലയാളത്തിലുമായി പ്രൗഢമായ 50 ലേറെ പുസ്തകങ്ങൾ രചിച്ചു. 23 എണ്ണം മലയാളത്തിലാണ്. വിശ്വഹിന്ദി സമ്മാൻ, ഹിന്ദി രത്ന സമ്മാൻ, ഗണേഷ് ശങ്കർ വിദ്യാർഥി സമ്മാൻ, വിവേകാനന്ദ പുരസ്കാരം, പ്രേംചന്ദ് പുരസ്കാരം എന്നിവയടക്കം 50 ലേറെ പുരസ്കാരം നേടി. മദ്യവിരുദ്ധ സമിതി നേതാവായിരുന്ന പ്രഫ. എം.പി. മന്മഥന്റെ മകൾ പരേതയായ ശാരദയാണ് ഭാര്യ. മക്കൾ: പരേതനായ സി. ശരത്ചന്ദ്രൻ, നീരജ, സുനന്ദ.