രണ്ടു മരണം കൂടി; തീപ്പൊള്ളലേറ്റ് മരണം നാലായി
text_fieldsനാദാപുരം: ചെക്യാട് കായലോട്ടുതാഴെ വീടിനകത്തുനിന്ന് തീപ്പൊള്ളലേറ്റ കുടുംബത്തിലെ നാലുപേരും യാത്രയായി. ചികിത്സയിലായിരുന്ന ഗൃഹനാഥയും ഒരു മകനുംകൂടി വ്യാഴാഴ്ച മരിച്ചതോടെ പൊള്ളലേറ്റ എല്ലാവരും മരണത്തിനു കീഴടങ്ങി. കീറിയപറമ്പത്ത് രാജുവിെൻറ ഭാര്യ റീനയും (40) ഇളയമകൻ സ്റ്റഫിനും(14) ആണ് കോഴിക്കോട് ആസ്റ്റർ മിംസിൽ വ്യാഴാഴ്ച മരിച്ചത്. റീന ഉച്ചക്കും മകൻ സ്റ്റഫിൻ വൈകീട്ടുമാണ് മരിച്ചത്. സ്റ്റഫിൻ പാറാട്ട് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാംതരം വിദ്യാർഥിയാണ്. രാജു ചൊവ്വാഴ്ചയും മൂത്ത മകൻ സ്റ്റാലിഷ് (17) ബുധനാഴ്ചയും മരിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചയോടെയാണ് വീടിനകത്തുവെച്ച് നാലുപേർക്കും തീപ്പൊള്ളലേറ്റത്. രാജുവും റീനയും തമ്മിൽ കുടുംബ കലഹം നിലനിൽക്കുന്നുണ്ടായിരുന്നു. മക്കളോടൊപ്പം സമീപത്തെ വീട്ടിലെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കു പോയി പുലർച്ചയോടെ തിരിച്ചെത്തിയ ഇവരെ ഉറങ്ങിക്കിടക്കുമ്പോൾ രാജു തീവെെച്ചന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. സംഭവത്തിെൻറ ചുരുളഴിക്കാൻ ഫോറൻസിക് പരിശോധനഫലം കാത്തിരിക്കുകയാണ് പൊലീസ്. ഇരുവരുടെയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. കണ്ണൂർ കടവത്തൂർ സ്വദേശിയാണ് റീന. പിതാവ് കുഞ്ഞിക്കണ്ണൻ. മാതാവ്: ജാനു. സഹോദരങ്ങൾ: ഹരീഷ്, രാജീവൻ, രജനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
