വി.കെ. റിറ്റു: ജനപ്രിയ കൗൺസിലറുടെ വിയോഗത്തിൽ വിതുമ്പി നാട്
text_fieldsവി.കെ. റിറ്റു
മലപ്പുറം: ജനപ്രിയ കൗൺസിലർ, മനുഷ്യസ്നേഹി, നല്ല സുഹൃത്ത് എന്നിവ മതിയാകില്ല അകാലത്തിൽ പൊലിഞ്ഞ നഗരസഭ കൗൺസിലർ വി.കെ. റിറ്റുവിന് വിശേഷണം നൽകാൻ. നഗരസഭ കൗൺസിൽ യോഗങ്ങളിലും പൊതുപ്രവർത്തനരംഗത്തും പാർട്ടി സമരപരിപാടികളിലും സാംസ്കാരിക പരിപാടികളിലും സജീവമായിരുന്ന ഈ 33കാരൻ രാഷ്ട്രീയ ഭേദമന്യേ അംഗങ്ങളുമായി സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന സൗമ്യവ്യക്തികൂടിയായിരുന്നു. ചെറുപ്പത്തിൽ അച്ഛൻ മരിച്ചിരുന്നു. ഡി.വൈ.എഫ്.ഐ മലപ്പുറം ബ്ലോക്ക് പ്രസിഡന്‍റ്, ജില്ല കമ്മിറ്റി അംഗം, സി.പി.എം കോട്ടപ്പടി ലോക്കൽ കമ്മിറ്റി അംഗം, മൈലപ്പുറം ബ്രാഞ്ച് അംഗം, എസ്.എഫ്.ഐ മലപ്പുറം ഏരിയ കമ്മിറ്റി അംഗം, മലപ്പുറം ഗവ. കോളജ് യൂനിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹെർണിയ ബാധിച്ച് രണ്ട് മാസത്തോളമായി എറണാകുളത്തും മറ്റുമായി ചികിത്സയിലായിരുന്നു. അസുഖം ബാധിച്ച് തുടങ്ങിയ സമയത്തുതന്നെയായിരുന്നു ഭാര്യയുടെ പ്രസവം.
കുഞ്ഞിനെ കൊഞ്ചിക്കാനോ ലാളിക്കാനോ ഭാഗ്യം ലഭിക്കുന്നതിനു മുമ്പേയുള്ള യാത്ര മരണവാർത്ത അറിഞ്ഞവരിൽ ഈറനണിയിച്ചു. വാര്‍ഡിലെയും നഗരസഭയുടെയും വികസന പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 363 വോട്ടുകള്‍ക്ക് എതിർ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രോഗം പിടിപെട്ടതോടെ ചികിത്സയുടെ ഭാഗമായി പൊതുപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. റിറ്റുവിന്‍റെ ഭൗതിക ശരീരം ബുധനാഴ്ച രാവിലെ എട്ടു മുതൽ 9.30 വരെ വലിയങ്ങാടിയിലെ സി.പി.എം മലപ്പുറം ഏരിയ ഓഫിസിൽ പൊതുദർശനത്തിന് വെക്കും.