സൗമ്യതയുടെ മുഖം; നിലപാടിലെ കാർക്കശ്യം
text_fieldsഏറ്റവും ബഹുമാന്യനായ തെന്നല ബാലകൃഷ്ണ പിള്ള സാറിന്റെ വേര്പാടിലൂടെ കോണ്ഗ്രസിന് തറവാട്ട് കാരണവരെയാണ് നഷ്ടമായത്. പതിറ്റാണ്ടുകളോളം പക്വതയാര്ന്ന പ്രവര്ത്തനത്തിലൂടെ നിരവധി നേതാക്കള്ക്കാണ് അദ്ദേഹം മാര്ഗനിര്ദ്ദേശങ്ങള് നല്കിയത്. ഏത് കാലത്തൊക്കെ പാര്ട്ടിയിലും മുന്നണിയിലും പ്രതിസന്ധികളുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ അത് പരിഹരിക്കാന് തെന്നല സാറിനെയാണ് നേതൃത്വം നിയോഗിച്ചിരുന്നത്. പക്വവും സ്നേഹപൂര്ണവുമായ സമീപനത്തിലൂടെ പ്രതിസന്ധികളും ആശയക്കുഴപ്പങ്ങളും പരിഹരിക്കാനുള്ള അസാധരണ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ലീഡര് കെ. കരുണാകരനും എ.കെ ആന്റണിയും ഉള്പ്പെടെയുള്ള ഏത് നേതാക്കളും തെന്നല സാറിന്റെ നിര്ദ്ദേശങ്ങള് പൂര്ണമായും അംഗീകരിക്കുമായിരുന്നു. ഖദറിന്റെ വെണ്മയും വിശുദ്ധിയും മുഖത്തും ചിരിയിലും പെരുമാറ്റത്തിലും നിലനിര്ത്തിയിരുന്ന നേതാവ്. രാഷ്ട്രീയത്തില് സൗമ്യതയുടെ മുഖം. പക്ഷേ നിലപാടുകളില് അങ്ങേയറ്റത്തെ കാര്ക്കശ്യം. പാര്ട്ടി വേദിയിലോ പുറത്തോ തെന്നല സാര് ഒരു പരാതി പോലും പറഞ്ഞതായി എനിക്കറിവില്ല. വിജയങ്ങളുടെയും നേട്ടങ്ങളുടെയുമെല്ലാം ക്രെഡിറ്റ് പാര്ട്ടിക്കും പ്രവര്ത്തകര്ക്കുമാണെന്ന നിലപാടുകാരനായിരുന്നു അദ്ദേഹം.
സ്കൂൾ കാലം മുതൽ കോണ്ഗ്രസ് എന്ന മഹാപ്രസ്ഥാനത്തെ ജീവിതത്തിന്റെ ഭാഗമാക്കി എട്ട് പതിറ്റാണ്ടിലധികം ജീവിച്ചു. ഒരിടത്തും കാലിടറിയില്ല. തൂവെള്ള ഖദറില് ഒരു പാടു പോലും വീഴാതെ കളങ്കമേതും ഇല്ലാതെയുള്ള രാഷ്ട്രീയ ജീവിതമാണ് അവസാനിച്ചത്. തിരിച്ചൊന്നും ആഗ്രഹിച്ചതുമില്ല. പാര്ട്ടി നല്കിയതെല്ലാം ആദരവോടെ സ്വീകരിച്ചു. 2001-ല് നൂറു സീറ്റുമായി യു.ഡി.എഫ് അധികാരത്തില് തിരിച്ചെത്തുമ്പോള് പാര്ട്ടി അധ്യക്ഷ സ്ഥാനത്തിരുന്ന് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത് തെന്നല സാറാണ്. വിജയത്തിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്നും അദ്ദേഹം മടങ്ങുമ്പോള് ഒരില കൊഴിയുന്ന ശബ്ദം പോലുമുണ്ടായില്ല.
തെന്നല സാറിന്റെ ഉപദേശങ്ങ ഞാന് ഉള്പ്പെടെയുള്ളവരുടെ രാഷ്ട്രീയ ജീവിതത്തില് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നത് നന്ദിപൂര്വ്വം സ്മരിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

