Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightമലയാളത്തിന്‍റെ സുന്ദര...

മലയാളത്തിന്‍റെ സുന്ദര വില്ലൻ; കൂട്ടുകാരുടെ സ്വന്തം റിസ

text_fields
bookmark_border
risabava
cancel

'അമ്മച്ചിക്ക്​ ഓർമ്മയു​േ​ണ്ടാ. ഒരുവിരൽ തുമ്പിൽ എന്നെയും മറുവിരൽ തുമ്പിൽ ആൻഡ്രൂസിനെയും കൊണ്ട് നടക്കാനിറങ്ങുമ്പോൾ പണ്ട്​ അമ്മച്ചി ഞങ്ങൾക്ക് ഒരു കഥ പറഞ്ഞ് തരുമായിരുന്നില്ലേ. ഭൂതത്താന്‍റെ കയ്യിൽ നിന്നും ഭൂമി നിധി തട്ടിപ്പറിച്ച കഥ. ആ കഥയിലെ നിധിയാണ് ഇപ്പോൾ അമ്മച്ചിയുടെ കയ്യിൽ ഇരിക്കുന്നത്. പ്ലീസ് അതിങ്ങ് തന്നേര്...' -മലയാളികൾ അതുവരെ കാണാത്തൊരു വില്ലനായിരുന്നു അത്​. സുന്ദരൻ, സൗമ്യൻ... പക്ഷേ, അതിലെല്ലാം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ക്രൂരതയും. ജോൺ ഹോനായ്​ എന്ന മലയാളത്തിന്‍റെ ആദ്യ ക്ലാസിക്​ വില്ലൻ. ആ പേരു തന്നെ പ്രേക്ഷക​ർക്കൊക്കെ പുതുമയായിരുന്നു. ചെമ്പൻ മുടിയും കണ്ണടയും 'അമ്മച്ചീ' എന്ന വിളിയുമൊക്കെ മലയാളികൾ ഏറ്റെടുക്കുകയും ചെയ്​തു. ആകാരഭംഗി കൊണ്ടും അവതരണരീതി കൊണ്ടും നായകന്​ തുല്യനായൊരു വില്ലനായിരുന്നു 1990ൽ സിദ്ധീഖ്​-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഇൻ ഹരിഹർ നഗർ' എന്ന സിനിമയിൽ റിസബാവ അവതരിപ്പിച്ച ജോൺ ഹോനായ്​.

പിന്നീടിങ്ങോട്ട്​ അടുത്തിടെയിറങ്ങിയ മമ്മൂട്ടി ചിത്രം 'വൺ' വരെയുള്ള എത്രയോ സിനിമകൾ. എങ്കിലും ജോൺ ഹോനായിയുടെ പേരിൽ തന്നെയാണ്​ റിസബാവ, സിനിമയിലെ കൂട്ടുകാരുടെ പ്രിയപ്പെട്ട റിസ എക്കാലവും ഓർമിക്കപ്പെടുന്നത്​. പുതിയ സിനിമക്ക്​ വ്യത്യസ്​തനായൊരു വില്ലനെ തേടിയുള്ള യാത്രയാണ്​ റിസയിൽ എത്തിയതെന്ന്​ ഓർത്തെടുക്കുന്നു സംവിധായകൻ സിദ്ധീഖ്​. കലാഭവൻ അൻസാറാണ്​ അന്ന്​ നാടകത്തിൽ സൂപ്പർതാരമായി തിളങ്ങി നിന്നിരുന്നു റിസബാവയുടെ പേര്​ സിദ്ധീഖിന്‍റെയും ലാലിന്‍റെയും മുന്നിൽ നിർദേശിക്കുന്നത്​. 'സുന്ദരനായ, വ​ളരെ സോഫ്​റ്റ് ആയ, എന്നാൽ ആ സൗമ്യത തന്നെ പേടിപ്പെടുത്തുന്ന ഒരു വില്ലനെയായിരുന്നു ഞങ്ങൾക്ക്​ വേണ്ടിയിരുന്നത്​. ഹീറോയെ പോലെ തന്നെ പ്രാധാന്യമുള്ളയാൾ. മുടി കളർ ചെയ്​ത്,​ കണ്ണട ഫിറ്റ്​ ചെയ്​ത്​ നോർത്തിന്ത്യൻ ലുക്ക്​ ആക്കിയപ്പോൾ റിസബാവ മലയാളികൾ അന്നുവരെ കാണാത്ത വില്ലനായി മാറി. ഞങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള റിസബാവയുടെ പെർഫോമൻസും കൂടിയായപ്പോൾ ആ കഥാപാത്രം മലയാളികൾ ഏറ്റെടുത്തു. റിസയുടെ വിയോഗം മലയാള സിനിമയുടെ മാത്രം നഷ്​ടമല്ല. എന്‍റെ വ്യക്തിപരമായ നഷ്​ടം കൂടിയാണ്​. റിസ നമ്മളെ വിട്ടുപോയി എന്ന്​ ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്ര പെട്ടന്ന്​ പോകുമെന്ന്​ കരുതിയുമില്ല' -പ്രിയ സ്​നേഹിതന്‍റെ വേർപാടിൽ മനംനൊന്ത്​ സിദ്ധീഖ്​ പറയുന്നു. ​

റിസബാവയുടെ പ്രാഥമിക വിദ്യാഭ്യാസം തോപ്പുംപടി സെന്‍റ്​ സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു. നടൻ കൂടിയായ മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷൻ ജിയാ റസിഡൻസിയിൽ കൂതാരി പറമ്പിൽ പരേതനായ കെ.ഇ. മുഹമ്മദ് ഇസ്മായിൽ എന്ന ബാവയുടെ മകൻ നാടകവേദികളിലൂടെയാണ് അഭിനയരംഗത്തേക്ക്​ എത്തുന്നത്​. 1984ല്‍ 'വിഷുപ്പക്ഷി' എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയെങ്കിലും ഈ ചിത്രം റിലീസായില്ല. 1990ല്‍ റിലീസായ 'ഡോക്ടര്‍ പശുപതി' എന്ന സിനിമയില്‍ പാർവതിയുടെ നായകനായി അഭിനയിച്ചു. തിരക്കഥാകൃത്തും സംവിധായകനും നടനുമായ രൺജി പണിക്കരുടെ ആദ്യ സിനിമയായിരുന്നു ഷാജി കൈലാസ്​ സംവിധാനം ചെയ്​ത 'ഡോക്​ടർ പശുപതി'. അതിലേക്ക്​ റിസബാവയെ കണ്ടെത്തിയ കഥ ഓർത്തെടുക്കുകയാണ്​ രൺജി പണിക്കർ.

'മറ്റൊരു നടൻ പെട്ടന്ന്​ പിന്മാറിയപ്പോളാണ്​ ഞങ്ങൾ റിസബാവയെ തേടിപ്പോയത്​. അന്ന്​ നാടകരംഗത്തെ ഏറ്റവും വിലപിടിപ്പുള്ള നടനാണ്​ റിസബാവ. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടിയും ഞാനും കൂടിയാണ്​ അന്ന്​ റിസയെ കാണാൻ പോകുന്നത്​. ചെമ്പിലെ ഒരു ക്ഷേത്രത്തിൽ അന്ന്​ റിസ അഭിനയിക്കുന്ന നാടകം ഉണ്ടായിരുന്നു. നാടകം കണ്ട ശേഷം ഗ്രീന്‍ റൂമിലെത്തി റിസയെ കണ്ടു ഞങ്ങൾ സിനിമയിലേക്ക്​ ക്ഷണിച്ചു. റിസയുടെ നീണ്ടകാലത്തെ ഫിലിം കരിയറിന്‍റെ തുടക്കമായിരുന്നു അത്​. നല്ല റേഞ്ചുള്ള നടൻ ആയിരുന്നു. വലിയ സ്​റ്റേജ്​ അനുഭവങ്ങൾ ഉള്ള നടൻ. പക്ഷേ, എന്തുകൊണ്ടാണ്​ മലയാള സിനിമയിൽ അദ്ദേഹത്തിന്​ അർഹിക്കുന്ന ഇടം കിട്ടാതിരുന്നത്​ എന്നറിയില്ല. ഭാഗ്യനിർഭാഗ്യങ്ങൾ നിർണായകമാകുന്ന മേഖലയാണല്ലോ സിനിമ. അർഹിക്കുന്ന അവസരങ്ങൾ എല്ലാവർക്കും കിട്ടിക്കൊള്ളണമെന്നില്ല. എത്തേണ്ടിയിരുന്ന ഒരു ഉയരത്തിലേക്ക്​ റിസക്ക്​ എത്താൻ കഴിഞ്ഞില്ല' -രൺജി പണിക്കർ പറയുന്നു.


'ഇൻ ഹരിഹർ നഗർ' ഹിറ്റ്​ ആയതോടെ തമിഴ്​, കന്നഡ, തെലുങ്ക്​, ഹിന്ദി ഭാഷകളിലൊക്കെ റീമേക്ക്​ ചെയ്​തു. എല്ലാ ഭാഷയിലേക്കും ജോൺ ഹോനായിയുടെ വേഷത്തിലേക്ക്​ വിളിച്ചത്​ റിസബാവയെ ആണ്​. പക്ഷേ, എന്തു​​െ​കാ​ണ്ടോ അദ്ദേഹം പോയില്ല എന്നുപറയുന്നു റിസബാവ ആദ്യം വില്ലനായ സിനിമയിലെ നായകനായ മുകേഷ്​. 'മലയാളത്തിൽ വളരെ ജനപ്രീതി നേടിയ വില്ലനായിരുന്നു ജോൺ ഹോനായ്​. 'ഇൻ ഹരിഹർ നഗർ' റീമേക്ക്​ ചെയ്​ത ഭാഷകളിലെല്ലാം ആ വേഷത്തിലേക്ക്​ റിസയെ ആണ്​ വിളിച്ചത്​. പക്ഷേ, അദ്ദേഹം പോയില്ല. തമിഴിൽ ആ വേഷം ചെയ്​തത്​ നെപോളിയൻ ആണ്​. ആ സിനിമയിലൂടെ രംഗത്തെത്തിയ അദ്ദേഹം കേന്ദ്രമന്ത്രി വരെയായി. ഒരു ചാൻസും കളയരുതെന്ന്​ ഞാൻ എ​പ്പോഴും പറയുമായിരുന്നു. പക്ഷേ, അദ്ദേഹം കേൾക്കുമായിരുന്നില്ല. സിനിമയിലെത്തും മുമ്പ്​ തന്നെ നാടകരംഗത്തിലൂ​െട എന്‍റെ സുഹൃത്തായിരുന്നു റിസബാവ. ഇനിയും ഉയരങ്ങളിലെത്താൻ പറ്റിയ നടനായിരുന്നു' -മുകേഷ്​ പറയുന്നു.

150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും റിസബാവ അഭിനയിച്ചു​. ഡബ്ബിങ്​ ആർട്ടിസ്റ്റ്​ എന്ന നിലയിലു​ം അദ്ദേഹം പേരെടുത്തു. 'കർമ്മയോഗി' എന്ന സിനിമയുടെ ഡബ്ബിങിന്​ 2011ൽ മികച്ച ഡബ്ബിങ്​ ആർട്ടിസ്​റ്റിനുള്ള സംസ്​ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. ​ആനവാല്‍ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോര്‍ജുകുട്ടി C/o ജോർജുകുട്ടി, ചമ്പക്കുളം തച്ചന്‍, ഏഴരപ്പൊന്നാന, എന്‍റെ പൊന്നു തമ്പുരാന്‍, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെല്‍, ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടില്‍ മാനസേശ്വരിസുപ്ത, അനിയന്‍ബാവ ചേട്ടന്‍ബാവ, നിറം, എഴുപുന്ന തരകന്‍, ക്രൈം ഫയല്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കവര്‍ സ്റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗര്‍ഭിണികള്‍, കോഹിന്നൂര്‍, ശുഭരാത്രി, കിങ്​ ആൻഡ്​ കമ്മീഷണർ, വൺ, പ്രഫസർ ഡിങ്കൻ, മഹാവീര്യർ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


നാടകരംഗത്തുനിന്നും സിനിമാ രംഗത്തെത്തിയ റിസബാവയുടെ ജോണ്‍ ഹോനായ് എന്ന കഥാപാത്രം വില്ലന്‍ സങ്കല്‍പ്പത്തിന് ഒരു പുതിയ മുഖമാണ് നല്‍കിയതെന്ന്​ നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് അനുസ്​മരിച്ചു. വില്ലന്‍, സഹനടന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ റിസബാവയുടെ മരണം മലയാള സിനിമയ്ക്ക് നഷ്​ടമാണ്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും സിനിമാ സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സ്പീക്കര്‍ അറിയിച്ചു. ജോണ്‍ ഹോനായ് എന്ന ഒറ്റ കഥാപാത്രം മതി നടന്‍ റിസബാവയെ അടയാളപ്പെടുത്താനെന്ന്​ മന്ത്രി വി. ശിവന്‍കുട്ടി അനുസ്​മരിച്ചു. 'നായക കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും 'ഇന്‍ ഹരിഹര്‍ നഗറി'ലെ റിസബാവയുടെ വില്ലന്‍ കഥാപാത്രത്തെയാണ് മലയാളി ഏറെ ഓര്‍ക്കുന്നത്. നാടക വേദികളിലും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും റിസബാവ തിളങ്ങി. അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ പ്രതിഭകളില്‍ ഒരാള്‍ കൂടി. റിസബാവയ്ക്ക് ആദരാഞ്ജലികള്‍'- മന്ത്രി ശിവൻകുട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor risabava
News Summary - Risabava the classic villain of malayalam cinema
Next Story