യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാന്റെ നിര്യാണത്തിൽ അനുശോചനവുമായി പ്രമുഖർ
ഇന്ത്യക്കാരെ സ്വന്തക്കാരാക്കി -പി.കെ. കുഞ്ഞാലിക്കുട്ടി
പുതുയുഗത്തിലേക്ക് യു.എ.ഇയെ നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിൻസായിദ് ആൽനഹ്‌യാൻ. യു.എ.ഇയുടെ ചരിത്രത്തോടൊപ്പം ജീവിക്കാനും അതിന്‍റെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു. രാജ്യത്തെ ലോകത്തിന്‍റെ മുൻനിരയിൽ എത്തിക്കാനാണ് ജീവിതം മുഴുവൻ ചെലവഴിച്ചത്. യു.എ.ഇയെ ലോകത്തിന് മാതൃകയാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചു. ഇന്ത്യക്കാരെ സ്വന്തക്കാരെ പോലെ പരിഗണിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തി.
കൈവിടാത്ത കരുതൽ-എം.എ. യൂസുഫലി
ലോകത്തിന്‍റെ ഏതു ഭാഗത്താണെങ്കിലും മറ്റുള്ളവരോട് കരുണയും കരുതലും കാണിച്ച ഭരണാധികാരിയാണ് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ. പ്രജകളോട് വാത്സല്യവും പ്രവാസികളോട് സ്നേഹവും വെച്ചുപുലർത്തി. രാജ്യത്ത് ഏതു നിയമവും എല്ലാവർക്കും തുല്യമായിരിക്കണമെന്ന നിർബന്ധം ഉണ്ടായിരുന്നു.
ഇവിടെനിന്നുണ്ടാക്കുന്ന സമ്പാദ്യം നാട്ടിലേക്ക് അയക്കാൻ അനുവാദം നൽകിയ ഭരണാധികാരിയാണ്. അസുഖബാധിതനാകുംമുമ്പ് രണ്ടാഴ്ചയിലൊരിക്കൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. മലയാളികളുടെ സ്നേഹവും ബഹുമാനവും അദ്ദേഹവുമായി പങ്കുവെച്ചു. അദ്ദേഹവുമായി വളരെയേറെ സ്നേഹബന്ധവും ആത്മബന്ധവും പുലർത്തി. ഈ വിയോഗം വളരെ വേദനയുളവാക്കുന്നതാണ്.
വഴികാട്ടി-ഡോ. ആസാദ് മൂപ്പന്‍
യു.എ.ഇയെ സമ്പന്ന രാജ്യങ്ങളിലൊന്നാക്കിയ ദീര്‍ഘവീക്ഷണമുള്ള നേതാവാണ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ. ജനകീയനായ ഭരണാധികാരി. പൗരന്മാരോടും പ്രവാസികളോടുമുള്ള സ്‌നേഹം ഐതിഹാസികമാണ്. പൗരന്മാര്‍ക്കിടയില്‍ സമാധാന, സൗഹാര്‍ദ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ ഏറെ ഫലപ്രദമായിരുന്നു. അദ്ദേഹത്തിന്‍റെ മാര്‍ഗദര്‍ശനങ്ങള്‍ വരും തലമുറകള്‍ക്ക് പ്രചോദനമാകും, അദ്ദേഹം എന്നും നമ്മുടെ വഴികാട്ടിയായി തുടരും.
ജനമനസ്സറിഞ്ഞ നേതാവ്-ഡോ. രവി പിള്ള
യു.എ.ഇയുടെ വളർച്ചയിലും പുരോഗതിയിലും നിർണായക സംഭാവന നൽകിയ ഭരണാധികാരിയെയാണ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ. ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അടുത്തറിയുകയും നിറവേറ്റുകയും ചെയ്ത ഭരണാധികാരി. പൗരന്മാരുടെയും പ്രവാസികളുടെയും അഭിവൃദ്ധിക്ക് മുഖ്യപരിഗണന നൽകി. പ്രതിരോധസേനയെ ലോകത്തെ ശക്തമായ ഒന്നാക്കി മാറ്റി. യു.എ.ഇയെ പുതുയുഗത്തിലേക്കു നയിക്കാനായി നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങളും പരിഷ്കാരങ്ങളും രാജ്യാന്തരതലത്തിൽ അംഗീകരിച്ചു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അദ്ദേഹം പ്രളയ സമയത്ത് നൽകിയ പിന്തുണ വിലപ്പെട്ടതാണ്.
സൗമ്യ സൗഹൃദം-കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍
ആധുനിക യു.എ.ഇയെ കെട്ടിപ്പടുക്കുന്നതിലും ശൈഖ് സായിദിനു ശേഷം രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കുന്നതിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധം പുലർത്തുന്നതിലും അദ്ദേഹത്തിന്‍റെ പങ്ക് നിസ്തുലമാണ്. മറ്റു രാജ്യങ്ങളോടുള്ള സൗഹൃദ സമീപനവും യു.എ.ഇയിലേക്ക് കടന്നു ചെല്ലുന്ന മറ്റു പൗരന്മാരോട് സ്വീകരിക്കുന്ന മനോഭാവവും യു.എ.ഇ ഭരണാധികാരികളെ വ്യതിരിക്തരാക്കുന്നു. നേരിട്ട് കണ്ട സമയത്ത് സൗമ്യമായി സൗഹൃദം പങ്കിട്ട ശൈഖ് ഖലീഫയെ അടുത്തറിയാന്‍ സാധിച്ചിട്ടുണ്ട്.