Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightശാസ്​ത്രവീഥിയിലെ...

ശാസ്​ത്രവീഥിയിലെ സംഗീതധാരയായിരുന്നു വി.കെ. ശശിധരൻ

text_fields
bookmark_border
sashidharan
cancel
camera_alt

വി.കെ. ശശിധരൻ

വി.കെ.എസ്​ വിടവാങ്ങി. പ്രണാമം. ശാസ്​ത്ര-സാ​ങ്കേതിക ജ്​ഞാനത്തിൽ സംഗീതം സംഗമിച്ചുണ്ടായ പ്രത്യേക സിദ്ധി, വി.കെ. ശശിധരൻ എന്ന അധ്യാപകനെ വേറിട്ട മനുഷ്യനാക്കി. ശാസ്​ത്രസാഹിത്യപരിഷത്ത്​ എന്ന ജനകീയ പ്രസ്​ഥാനം സാധാരണ മനുഷ്യരുടെ പരിവർത്തന ജിഹ്വയായി പ്രവർത്തിച്ച കാലമായിരുന്നു വി.കെ.എസി​ന്‍റെ സാമർഥ്യം ചിറകുവിരിച്ചത്​. വാക്കിനു വാക്കും പാട്ടിനു​ പാട്ടും താളത്തിന്​ താളവും ചേർത്ത്​ ഏതു സഹൃദയനെയും ആകർഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ശാസ്​ത്രീയവും ലളിതവും നാടോടിയും അതിനപ്പുറം മനോധർമജന്യവുമായ സംഗീതരീതികളിൽ അദ്ദേഹം പ്രാവീണ്യം നേടി. ഔപചാരിക പ്രൗഢിയും അലങ്കാരങ്ങളുമില്ലാതെ ഏതു മുക്കിലും മൂലയിലും നിന്ന്​ വി.കെ.എസ്​ പാടി. നമ്മുടെ സാഹിത്യഭാഷക്കും ശാസ്​ത്രബോധത്തിനും രാഷ്​ട്രീയ പ്രവർത്തനത്തിനുമെല്ലാം മാനുഷികമായ മൂല്യബോധം നൽകാൻ ഏതു കാലത്തെയും സംഗീതത്തിന്​ കഴിയുമെന്ന്​ അദ്ദേഹം തെളിയിച്ചു.

'ശാസ്​ത്രം സാധാരണ ജനങ്ങൾക്ക്​' എന്ന പരിഷത്ത്​ മുദ്രാവാക്യത്തോടൊപ്പം 'കവിതയും സംഗീതവും ജനങ്ങൾക്ക്​' എന്നുകൂടി കൂട്ടിച്ചേർക്കാൻ അദ്ദേഹത്തിന്​ കഴിഞ്ഞു. വരണ്ട വായാടി പ്രസംഗങ്ങൾക്കുമേൽ കുളിർമഴ ചൊരിഞ്ഞ വി.കെ.എസി​ന്‍റെ സംഗീതസദസ്സിന്​ സ്വീകാര്യതയേറി. ശാസ്​ത്രസംസ്​കാരത്തി​ന്‍റെ മൂശയിൽതന്നെ കാവ്യസംഗീത സംസ്​കാരവും വാർത്തെടുക്കാൻ ഒരേയൊരു യോഗ്യതയേ വേണ്ടൂ; സഹൃദയത്വം. പാണ്ഡിത്യഗർവും വരണ്ട മനസ്സും വിരസഭാഷയും കൈമുതലുള്ള ചിലരൊഴികെ എല്ലാവരും വി.കെ.എസിനെ അംഗീകരിച്ചു. പി.ടി. ഭാസ്​കരപ്പണിക്കരും ഡോ. കെ.കെ. രാഹുലനും ഡോ. ​എം.പി. പ​രമേശ്വരനും കേശവൻ വെള്ളിക്കുളങ്ങരയുമൊക്കെ ശാസ്​ത്രസാഹിത്യപരിഷത്തിനുവേണ്ടി തെരുവിലിറങ്ങി പ്രവർത്തിച്ച കാലത്തി​ന്‍റെ സൗഭാഗ്യമായിരുന്നു വി.കെ.എസ്​.

കഠിനാധ്വാനവും ആത്മാർഥതയുമൊഴികെ മറ്റൊന്നും മൂലധനമില്ലാതിരുന്നിട്ടും അന്നത്തെ സാംസ്​കാരിക പ്രവർത്തനം സാഹസികമായ ജനകീയ വിപ്ലവമായിരുന്നു. പരിഷത്തി​ന്‍റെ ജനറൽ സെക്രട്ടറിയെന്ന നിലയിലെ കത്തിടപാടുകളിൽ പിറന്ന സൗഹൃദം പിന്നീടെത്രയോ വർഷം എനിക്കനുഗ്രഹമായി. കൈയെഴുത്തിലെ ഭംഗിയും സംഭാഷണത്തിലെ പ്രത്യേകതയും കവിതയിലെ ലാളിത്യവും ചൂണ്ടിക്കാട്ടി എഴുതിയതും പ്രസംഗിച്ചതും എനിക്കാവേശമായി. പതുക്കെ ഞാനും പരിഷത്തി​ന്‍റെ പ്രവർത്തനങ്ങളുടെയും ശാസ്​ത്ര സാംസ്​കാരിക ജാഥയുടെയും ഭാഗമായി. ഗ്രാമങ്ങളുടെ കലാകേന്ദ്രങ്ങളെ തൊട്ടുണർത്തിയ ആ ശാസ്​ത്രജാഥയുടെ അലയൊലികൾ കേരളത്തിന്​ പുത്തൻ ഉണർവു നൽകി. എത്രയെത്ര പ്രതിഭകളുടെ പിറവിക്ക്​ ആ സംഘടിത പരിശ്രമം നിമിത്തമായി. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ആഞ്ഞടിച്ച സന്ദേശങ്ങൾ യുവമനസ്സുകളിൽ മുഴങ്ങി. മതസഹിഷ്​ണുതയുടെ സംസ്​കാരത്തിന്​ ആ സംഘനാദം വിത്തുപാകി. ശാസ്​ത്രീയ വീക്ഷണത്തി​ന്‍റെ കിരണമുകുളങ്ങൾ അടുക്കളയോളം കടന്നുചെന്നു. ശാസ്​ത്ര സംസ്​കാരത്തി​ന്‍റെ ഉത്സവസംഗീതം പോലെ വി.കെ.എസ്​ പാടിയാടി ക്ഷീണിച്ചു നടന്നു. അതൊരു കാഴ്​ചയായിരുന്നു!

ഇടശ്ശേരിയുടെ 'പൂതപ്പാട്ടി'നും ടാഗോറി​ന്‍റെ 'ഗീതാഞ്​ജലി'ക്കും വിശ്വമാനവികതയുടെ വിളംബര ഗാനങ്ങൾക്കും അസംഖ്യം ദേശഭക്​തി സമന്വയ ഗാനങ്ങൾക്കും വി.കെ.എസ്​ രംഗാവിഷ്​കാരം നൽകി. പ്രകൃതിബോധന ഗീതങ്ങൾ വി.കെ.എസ്​ ആലപിക്കു​േമ്പാൾ പ്രത്യേകമായ ചാരുത കൈവന്നു. തിരുനല്ലൂർ കരുണാകര​ന്‍റെ കവിതയിലെ സാർവദേശീയ വിപ്ലവവീര്യം അതേ അർഥത്തിൽ വി.കെ.എസ്​ ആലപിക്കു​േമ്പാൾ സദസ്സ്​ ആത്മപുളകം കൊണ്ടു.

പരിഷത്തി​ന്‍റെ പ്രസിദ്ധീകരണമായ 'യുറീക്ക' ബാലസാഹിത്യരംഗത്ത്​ വലിയ മുന്നേറ്റം സൃഷ്​ടിച്ചു. പ്രകൃതിസ്​നേഹവും സാമൂഹിക ബോധവും ദേശാഭിമാനവും പുതിയ തലമുറക്ക്​ പകർന്നുകൊടുക്കാൻ എഴുത്തുകാരുടെ യുവനിര നിരന്തരം പരിശ്രമിച്ചു. വി.കെ.എസി​ന്‍റെ നേതൃത്വം ബാലവേദികൾക്ക്​ എവിടെയും മാതൃകയായി. യുറീക്കയിൽ എ​ന്‍റെ കൈപ്പടയിൽത്തന്നെ കവിത അച്ചടിക്കാനിടവന്നത്​ വി.കെ.എസി​ന്‍റെ പ്രിയം കാരണമായിരുന്നു.

''മണിത്തുമ്പപ്പൂക്കുത്തരി മുറത്തിലിട്ട്​

കൊഴിക്കു​േമ്പാൾ മുത്തശ്ശിക്കൊരു മൂളിപ്പാട്ട്​...

തുളസി വെറ്റില, കൊട്ടടക്ക പൊകല ചുണ്ണാമ്പ്​

ചവചവയ്​ക്ക്​ണ മുത്തശ്ശിക്കൊരു നീട്ടിത്തുപ്പ്​.''

കുട്ടികൾക്ക്​ പ്രിയപ്പെട്ട ഈ കവിത യുറീക്കയിൽ അച്ചടിച്ചുവന്നതാണ്​. വി.കെ.എസ്​ അതിന്​ സംഗീതം നൽകി. പരിഷത്ത്​ ആൽബത്തിൽ ചേർത്തു. പിന്നീട്​ അസംഖ്യം വേദികളിൽ അത്​ പുനർജനിച്ചു. തിരുവനന്തപുരം ദൂരദർശനിലെ ശ്രീമതി ഷീബ അത്​ ആകർഷകമായി ദൃശ്യവത്​കരിച്ച്​ എത്രയെങ്കിലും തവണ സംപ്രേഷണം ചെയ്​തു.

വ്യക്​തിപരമായ ഓർമകളിൽ മാത്രം ചുരുങ്ങിപ്പോയ ഈ കുറിപ്പി​ന്‍റെ പരിധിവിട്ട്​ വി.കെ. ശശിധരൻ എന്ന മാതൃകാ മനുഷ്യ​ന്‍റെ കാവ്യമാഹാത്മ്യം പറക്കുകയാണ്​, കാലത്തി​ന്‍റെ വിഹായസ്സിൽ. സർഗാത്മക സാംസ്​കാരിക പ്രവർത്തനത്തിന്​ എവിടെയെങ്കിലും ഒരു മാതൃക നിർദേശിക്കേണ്ടിവരു​േമ്പാൾ എ​ന്‍റെ ചൂണ്ടുവിരൽ വി.കെ.എസി​ന്‍റെ പ്രസന്നമായ മുഖം ചൂണ്ടിക്കാണിക്കുന്നു.

വെളിവി​ന്‍റെ ശാസ്​ത്രഭാഷയിലൂടെ കാവ്യസംഗീതത്തി​ന്‍റെ ഹൃദയഭൂമിക കാണിച്ചുതന്ന ഒരു ദിശാദീപം അണഞ്ഞുപോയിരിക്കുന്നു. പറഞ്ഞറിയിക്കാനാവാത്ത വേദനയോടെ ഒറ്റ വാക്കേ ഉച്ചരിക്കാനാവുന്നുള്ളൂ: പ്രണാമം... പ്രണാമം!

Show Full Article
TAGS:VK Sasidharan memoir 
News Summary - pk gopi's memoir about vks
Next Story