‘എന്റെ മാംസം തിന്നിടുന്ന നല്ല മീനുകൾക്ക് നന്ദി, എന്റെ രാജ്യം മതം നിങ്ങൾ തിരഞ്ഞേയില്ല...’ -കടലിൽ മരിച്ച 500 റോഹിങ്ക്യൻ അഭയാർഥികൾക്ക് മുരുകൻ കാട്ടാക്കടയുടെ കണ്ണീർ പ്രണാമം
text_fieldsതിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞതിനെത്തുടർന്ന് മരിച്ച 500 പേർക്ക് കണ്ണീർ പ്രണാമവുമായി കവി മുരുകൻ കാട്ടാക്കട. ‘എന്റെ മാംസം തിന്നിടുന്ന നല്ല മീനുകൾക്ക് നന്ദി, എന്റെ രാജ്യം മതം നിങ്ങൾ തിരഞ്ഞേയില്ല’ -എന്ന വരികളോടെ തുടങ്ങുന്ന ‘ഒരു അഭയാർത്ഥിയുടെ മരണക്കുറിപ്പ്’ എന്ന കവിത പങ്കുവെച്ചാണ് അദ്ദേഹം അനുശോചനമറിയിച്ചത്.
ആഫ്രിക്കയിൽ നിന്ന് പലായനം ചെയ്യവേ മെഡിറ്ററേനിയൻ കടലിൽ മുങ്ങിപ്പോയ സുഡാനിയൻ അഭയാർത്ഥികളുടെ ഓർമ്മയ്ക്ക് വേണ്ടി എഴുതിയതാണ് ഈ കവിത.
മ്യാന്മറിലെ റാഖൈൻ സംസ്ഥാനത്തുനിന്ന് ജൂൺ അവസാനത്തോടെ യാത്ര തിരിച്ച റോഹിങ്ക്യൻ അഭയാർഥികളാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസിയായ യു.എൻ.എച്ച്.സി.ആറും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയായ ഐ.ഒ.എമ്മും അറിയിച്ചു.
ഏകദേശം 250 പേരുമായി യാത്രതിരിച്ച ആദ്യ ബോട്ടുമായുള്ള ബന്ധം പുറപ്പെട്ടതിന് പിന്നാലെത്തന്നെ നഷ്ടപ്പെട്ടിരുന്നു. 280 പേരുമായി പുറപ്പെട്ട രണ്ടാമത്തെ ബോട്ട് ജൂലൈ എട്ടിന് മ്യാന്മറിലെ അയ്യർവാഡി തീരത്തുവെച്ച് മുങ്ങിയതായാണ് വിവരം. ദുരന്തം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വൻതോതിലുള്ള ജീവഹാനി സംഭവിച്ചതായി ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചു.
മൺസൂൺ കാലത്ത് കടൽ അതീവ പ്രക്ഷുബ്ധമായിരിക്കുമെന്നറിഞ്ഞിട്ടും ജീവൻ പണയപ്പെടുത്തി ഇവർ യാത്ര ചെയ്തത്, അഭയാർഥി ക്യാമ്പുകളിലെ ദുരിതജീവിതംമൂലമാണ്. ബംഗ്ലാദേശിലെ ക്യാമ്പുകളിൽ ഭക്ഷ്യസഹായം വെട്ടിക്കുറച്ചതും മ്യാന്മറിലെ സൈനിക ഭരണകൂടത്തിന്റെ അതിക്രമങ്ങളും റോഹിങ്ക്യകളെ കൂടുതൽ അപകടകരമായ യാത്രകളിലേക്ക് തള്ളിവിടുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ 12 ലക്ഷം റോഹിങ്ക്യകളാണ് വിവിധ അഭയാർഥി ക്യാമ്പുകളിലായി കഴിയുന്നത്.
കവിതയുടെ പൂർണരൂപം:
ഒരു അഭയാർത്ഥിയുടെ മരണക്കുറിപ്പ്
എന്റെ മാംസം തിന്നിടുന്ന
നല്ല മീനുകൾക്ക് നന്ദി
എന്റെ രാജ്യം മതം നിങ്ങൾ
തിരഞ്ഞേയില്ല (2)
കറുപ്പേറെ കറുപ്പെന്ന
നിറം കൊണ്ടു മുറിവേറ്റോർ
നിരന്നെത്തി നിങ്ങളവരുടെ
തരം നോക്കീല (2)
എന്റെ മാംസം തിന്നിടുന്ന
നല്ല മീനുകൾക്ക് നന്ദി
എന്റെ രാജ്യം മതം
നിങ്ങൾ തിരഞ്ഞേയില്ല
ഭയം മൂടി പനിക്കുന്നോർ
അഭയമറ്റാലംബമറ്റോർ
അഭയാർത്ഥിച്ചിറകു പൊട്ടി
കടലുതീണ്ടുന്നു
പൊങ്ങുതടിയിൽ തുമ്പി പോലെ
തെന്നി നീങ്ങുന്നു
എന്റെ മാംസം തിന്നിടുന്ന
നല്ല മീനുകൾക്ക് നന്ദി
എന്റെ ഗോത്രം നിറം
നിങ്ങൾ തിരഞ്ഞേയില്ല
കരളു നിങ്ങൾ കൊത്തിടുമ്പോൾ
അകത്തെ കുഞ്ഞറക്കുള്ളിൽ
കിനാവു കണ്ടുറങ്ങുന്ന
കിളിപ്പെണ്ണുണ്ട്
അവളുടെ മയക്കം നീ കെടുത്തേണ്ട
മയങ്ങിക്കോട്ടെ (2)
ഉന്തി നിൽക്കും പല്ലുകെട്ടിന്നുള്ളിലെ
ചിരി മൊഞ്ചുകൂട്ടാൻ
കുന്നുപോലെ പണം കൊണ്ടവൻ
എന്നുവന്നീടും
പിന്നെ മിന്നു കെട്ടീടും
കിനാവാൽ മൺകുടിൽ കെട്ടി
മണിവാതിൽ ചാരിയെന്നെ
പ്രതീക്ഷിച്ചു മയങ്ങുന്ന
കിളിപ്പെണ്ണുണ്ട്
അവളുടെ മയക്കം നീ കെടുത്തേണ്ട
മയങ്ങിക്കോട്ടെ
ഞാൻ മുങ്ങിയ കടലിന്റെ
പേരെനിക്കറിയില്ല പ്രിയേ (2)
നെഞ്ചിടിപ്പിൻ പക്ഷി നിന്നെ
തേടിവന്നേക്കാം
എന്റെ പാതി മുങ്ങിയ വാക്കൊരെണ്ണം
കൊണ്ടുതന്നേക്കാം (2)
തിരയിൽ വീണ കിനാവൊന്നും
വീണ്ടെടുക്കാൻ കഴിഞ്ഞില്ല
നേരമൊട്ടും ബാക്കിയില്ല
നീ പൊറുക്കേണം
കള്ളബോട്ട് കയറുമ്പോൾ
കൊണ്ടുവന്ന കിനാവൊന്നും
കൊയ്തെടുക്കാൻ നേരമില്ല
നീ പൊറുക്കേണം
എന്റെ മാംസം തിന്നിടുന്ന
നല്ല മീനുകൾക്ക് നന്ദി.
എന്റെ രാജ്യം മതം
നിങ്ങൾ തിരഞ്ഞേയില്ല
നെഞ്ചിൽ നിങ്ങൾ കൊത്തിടുമ്പോൾ
അമ്മ ദൂരെ തേങ്ങിടുന്ന
നേർത്ത നാദം കേൾക്കും
നിങ്ങൾ പിന്തിരിയേണ്ട (2)
കാപ്പിരി കുടിലങ്ങ് ദൂരെ
കാത്തിരിപ്പിരുകണ്ണുനീളെ
കുന്നുപോലെ മരുന്നും
കൊണ്ടെന്നു വന്നീടും
പിന്നെ നിന്റെ കൈകൊണ്ടെന്റെ
കണ്ണീർ എന്നു മാറ്റീടും
പ്രതീക്ഷക്കണ്ണങ്ങു ദൂരെ
നിറങ്ങൾ പൂക്കുന്ന മേട്ടിൽ
പുത്രശലഭം പറക്കുന്ന
സ്വപ്നസഞ്ചാരം (2)
നെടുവീർപ്പിൻ കമ്പിളി-
ക്കീറപ്പുതപ്പിൽ താടിയൂന്നി
ഇരിപ്പാണെൻ മാതൃനാടും
പെറ്റ മാതാവും
കറുപ്പേറെ കറുപ്പെന്നു
നിറം കൊണ്ടു മുറിവേറ്റോർ
വെറുപ്പേറെ കുടിക്കുന്നോർ
ഉറക്കം കെട്ടോർ
ഒറ്റവിത്തും മുളക്കാത്തോർ
ഒറ്റുകാരിട്ടേച്ചു പോയോർ
വറ്റിവരളും വിശപ്പത്തെന്നും
ചുട്ടുതിന്നുന്നോർ
നെടുവീർപ്പിൻ കമ്പിളി-
ക്കീറപ്പുതപ്പിൽ താടിയൂന്നി
ഇരിപ്പാണെൻ മാതൃനാടും
പെറ്റമാതാവും
ആത്മഹർഷം ഇന്നെനിക്ക്
മാറ്റി നിർത്താതെന്നെ നിങ്ങൾ
കാപ്പിരിതൊലി മാറ്റിയെന്നെ
തിന്നു തീർക്കുമ്പോൾ
വിട്ടു നൽകരുതെന്റെ ദേഹം... (2)
അടക്കത്തിനു പണം തേടി
അലയാൻ അമ്മയ്ക്ക് കാലം
ബലം നൽകില്ല
എന്റെ മാംസം തിന്നിടുന്ന
നല്ല മീനുകൾക്ക് നന്ദി
എന്റെ ഗോത്രം നിറം
നിങ്ങൾ തിരഞ്ഞേയില്ല
ബോട്ടിൽ യാത്രക്കാരൊരരല്പം
നീരിനായി തമ്മിൽ പിണങ്ങി
പോക്കുവയിലേറ്റോ മയങ്ങി
പാതി കൺ കൂമ്പി
ഗ്രീസിലേക്കിനിയെത്ര ദൂരം
ജീവിതത്തിന്നത്ര ദൂരം
നോട്ടമെത്താ കടൽ
ക്കണ്ണീർ തുളുമ്പിടുമ്പോൾ
കടവിൽ നിന്നും കടവു തേടി
മെഴുകു ചിറകുകൾ ആഞ്ഞു തുഴയെ
ഉരുകി വീഴുകയാണ് കടലിൽ
യവനദേവന്മാർ (2)
കൂട്ടുകാരാ...
കൂട്ടുകാരാ...
കൂട്ടുകാരാ കത്തുകെട്ടി
കൂട്ടുകാരോടൊപ്പമെത്തി
കാട്ടുതീയിൽപെട്ടുകത്തി
കൂടുമാഞ്ഞേ പോയ്...
കൂട്ടുകാരാ കത്തുകിട്ടി
കൂട്ടുകാരോടൊപ്പമെത്തി
കാട്ടുതീയിൽ പെട്ടുകത്തി
കൂടു മാഞ്ഞേ പോയ്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

