Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightമരണം ഇങ്ങനെയും...

മരണം ഇങ്ങനെയും സങ്കടപ്പെടുത്തുമല്ലേ?

text_fields
bookmark_border
മരണം ഇങ്ങനെയും സങ്കടപ്പെടുത്തുമല്ലേ?
cancel

ആ മരണ വിവരം അറിഞ്ഞപ്പോഴേ ഞാൻ സങ്കടത്തിലാണ്. അനുശോചനമായി രണ്ടു വരികൾ എഴുതുവാൻ കഴിയാത്ത വിധം എന്തൊക്കെയേ അസ്വസ്ഥതകൾ എന്നെ വീർപ്പു മുട്ടിച്ചു.

മാധ്യമം തുടങ്ങുമ്പോൾ ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എഫ് 2 ക്വാർട്ടേസിലാണ് താമസം. ഒരു ദിവസം രാവിലെ സ്റ്റേഡിയത്തിൽ നിന്നു തിരിച്ചത്തുമ്പോൾ കറുത്ത താടിയുള്ള ഒരാൾ എന്റെ മകൻ കുഞ്ഞു എമിലുമായി സംസാരിച്ചു പുറത്തു കാത്തിരിക്കുന്നു. മുൻപ് കണ്ടിട്ടില്ലാത്ത ഒരു പരിചയവും ഇല്ലാത്ത ആൾ.ഹൃദയം പുറത്തു കാണുന്ന ചിരിയോടെ അദ്ദേഹം പറഞ്ഞു. മാധ്യമം പത്രം തുടങ്ങുകയാണ്. കളികൾക്ക് ഒരുപാടു പ്രാധാന്യം കൊടുക്കുന്ന പത്രമാണ്. ആദ്യ ദിവസം മുതൽ നിങ്ങൾ എഴുതണം. പി കെ നിയാസിനാണ് ചുമതല. വിളിക്കും. വിലാസം എഴുതിയ ഒരു തുണ്ട് കടലാസ് എന്നെ ഏല്പിച്ചു.ഒപ്പമിരുന്നു പ്രാതൽ കഴിച്ചു എന്റെ പഴയ സ്‌കൂട്ടറിൽ അദ്ദേഹത്തെ ബസ് സ്റ്റാന്റിൽ കൊണ്ടു വിട്ടു. എന്റെ ലാൻഡ് ഫോൺ നമ്പറും വാങ്ങിയാണ് അദ്ദേഹം ബസു കയറിയത്.

അന്ന് തുടങ്ങിയ ആ സൗഹൃദമാണ് എന്നെ ഫുട്ബോൾ കളി എഴുത്തുകാരനായി സംസ്കരിച്ചെടുത്തത്. പി കെ നിയസുമൊത്തു ഞാൻ അന്ന് കവർ ചെയ്യാത്ത കളികൾ ഇല്ലായിരുന്നു.ഇടയ്ക്കിടെ പുതിയ കഥകൾക്കായി അന്നത്തെ റിപ്പോർട്ടർ ഇബ്രാഹിം കോട്ടക്കലിനെയും നിയോഗിച്ചിരുന്നു. അതും ഒരു ആത്മ ബന്ധമായി വളർന്നുമൊബയിൽ ഫോണും മറ്റു വാർത്താ സംവിധാനങ്ങളും ഒന്നുമില്ലാത്ത കാലത്ത് അദ്ദേഹം തന്നിരുന്ന തപാൽ വകുപ്പിന്റെ ടെലി പ്രിൻറർ / ടെലി ഗ്രാം കാർഡുകളും ഫോൺ വിളിക്കാനുള്ള അന്നത്തെ കമ്പി തപാലുകാരുടെ കാർഡുകളും ആയിരുന്നു വാർത്തകൾ അയക്കാനുള്ള ഏക സംവിധാനം

88 ൽ ആണെന്ന് തോന്നുന്നു, കാൺപൂർ ഓപ്പൺ നാഷണൽ മത്സരത്തിൽ ഞാൻ ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിന്റെ പരിശീലകനാണ്.ആ നാളുകളിലാണ് സൈദ് മോഡി എന്ന ഇന്ത്യയുടെ ബാഡ്മിന്റൺ ചാമ്പ്യൻ വെടിയേറ്റ് മരിക്കുന്നത്.അന്ന് ഒരു പോസ്റ്റ്‌ ഓഫിസിൽ നിന്ന് ഫോണിലൂടെ കളി വിവരം പറയുമ്പോഴാണ് അസയിൻ ഇക്ക അക്കാര്യം പറയുന്നത്. സൈദ് മോഡിയുടെ കൊലപാതകം സംബന്ധിച്ച് ഒരു എസ്‌ക്ളൂസീവ് സ്റ്റോറി ആകാമോ?മത്സരം കഴിഞ്ഞ ദിവസം ഭാഷയറിയാത്ത ഞാൻ ഇന്നത്തെ " അയോദ്ധ്യയിൽ " ചെന്നു കണ്ടറിഞ്ഞ കാര്യങ്ങളാകണം സൻജയ് സിംഗിന്റെ ഇടപെടലിൽ നടത്തിയ ക്രൂരമായ ആ കൊലപാതകവും ശ്രീമതി അമിതാ കുൽക്കർണിയുടെ ഇടപെടലും വ്യക്തമാക്കിയ ആദ്യ റിപ്പോർട്ട്.

തുടർന്ന് ഞാൻ ലൈപ്സിഷ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സിന് പഠിക്കാൻ പോയപ്പോൾ ഇന്ത്യൻ എംബസിയുടെ ഡിപ്ലോമാറ്റിക് ബാഗ് വഴി മുടങ്ങാതെ എനിക്ക് മാധ്യമം അയക്കാൻ അസൈൻ ഇക്ക കാണിച്ച ശുഷ്‌കാന്തി എങ്ങനെ മറക്കും?ഒരിക്കൽ അദ്ദേഹം എന്നെ വല്ലാതങ്ങു ഞെട്ടിച്ചു കളഞ്ഞു. ഇടയ്ക്കിടയ്ക്ക് ഞാൻ ഫോണിൽ അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നു. അപ്പോഴാണ് വിംബിൾഡൺ കാണാൻ പോകുന്ന വിവരം ഞാൻ പറഞ്ഞത്. അതിനു വരുന്ന ചെലവിനെ കുറിച്ചു അദ്ദേഹം തിരക്കി.കിട്ടുന്ന സ്ക്കോളർഷിപ്പിൽ അതൊക്കെ ഒത്തു പോകും എന്നു പറഞ്ഞു ഞാൻ ഫോൺ വച്ചു

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ദുബായിൽ നിന്ന് എന്റെ ഹോസ്റ്റൽ നമ്പറിൽ ഒരു കാൾ. ബന്ധുക്കൾ ആരെങ്കിലുമാകും എന്നു കരുതി ഫോൺ എടുത്തപ്പോൾ അപരിചിത ശബ്ദം. മാധ്യമത്തിൽ നിന്നുള്ള അറിയിപ്പാണ് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരം വേണം.ഒരാഴ്ച കഴിഞ്ഞപ്പോൾ 500 ഡോളർ എന്റെ അക്കൗണ്ടിൽ.എന്നെക്കാൾ ചെറുപ്പമാണെങ്കിലും ഞാൻ അസയിൻ ഇക്കാ എന്നു വിളിക്കുന്ന അസയിൻ കാരന്തൂർ എന്നെ ഞെട്ടിച്ചു കളഞ്ഞു ആ അത്ഭുതത്തിലൂടെ.

2006 ൽ ലോക കപ്പ് നടക്കുമ്പോൾ മൊബയിൽഫോൺ സർവ്വ സാധാരണമായി കഴിഞ്ഞിരുന്നു. ഓരോ കളിക്ക് മുൻപും അദ്ദേഹം അറിയിച്ചിരൂന്നു. ഇന്നു എന്തൊക്കെ വേണമെന്ന്. ആദ്യ കാല കളി എഴുത്തുകാരനായ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പിന്തുടർന്നതോടെ എന്റെ എഴുത്തുകൾ ലളിതവും അനായാസവും ആയി.അസയിൻ ഇക്ക ലാളിത്യത്തിന്റെ ആൾ രൂപം കൂടിയായിരുന്നു. ഒരിക്കൽ ഒരു കണ്ണട ഫ്രെയിം അയച്ചു കൊടുത്തപ്പോൾ അദ്ദേഹം ഒരു പാട് അരിശപ്പെട്ടു. ഇനി ഇതൊന്നും പാടില്ല എന്നൊരു ഉപദേശവും തന്നു.

അസയിൻ ഇക്കയുടെ ഇടപെടൽ കൊണ്ടു ഒരു യുവാവിന് നഷ്ടപ്പെടുമായിരുന്ന തൊഴിൽ തിരിച്ചു കിട്ടിയ കാര്യം കൂടി ഓർക്കേണ്ടിയിരിക്കുന്നു.ഞാൻ സ്പർട്സ് കൗൺസിൽ സെക്രട്ടറി ആയിരുന്ന നാളുകളിൽ അദ്ദേഹം ഒരു യുവാ lവുമായി പ്രഭാതതത്തിൽ ചെനക്കലുള്ള എന്റെ വീട്ടിൽ വന്നു.അയാൾ ഹോക്കി കോച്ചു മാരുടെ ലിസ്റ്റിൽ പേരുള്ളയാണ്. നിയമനത്തിൽ എന്തോ അപാകതകളുണ്ട്, ഒന്ന് ഇടപെടണം.അയാൾക്ക്‌ നിയമനം കിട്ടാതെ ലിസ്റ്റ് കാലാവധി കഴിയും.

പലരോടും പറഞ്ഞു. ഒരു നടപടിയും ഉണ്ടായില്ല. എനിക്കു ആദ്യം സംശയമായിരുന്നു. ഇങ്ങനെ പലരും പലതും പറഞ്ഞു തെറ്റിദ്ധരിപ്പിക്കും. അങ്ങനെ പെട്ടു പോയതാകും അസയിൻ ഇക്ക. എന്തായാലും അടുത്ത ദിവസം അയാളോട് സ്പോർട്സ് കൗൺസിൽ ഓഫീസിൽ വന്നു കാണാൻ നിർദ്ദേശിച്ചു അവരെ യാത്രയാക്കി.പറഞ്ഞ ദിവസം അയാൾ വന്നു. ഫയൽ പരിശോധിച്ചപ്പോഴാണ് ഒരു വൻ ചതി ബോധ്യമായത്. സാമുദായിക സംവരണം പാലിക്കാതെ റാങ്കിൽ മുന്നിൽ ഉണ്ടായിരുന്ന അയാളെ മറികടന്നു ഒരു വനിതക്കു "പെൺ കുട്ടികളെ" പരിശീലിപ്പിക്കാൻ വനിത തന്നെ വേണമെന്ന കാരണം ഉണ്ടാക്കി നിയമനം നൽകിയിരിക്കുന്നു..!അപാകത കണ്ടെത്തി അടുത്ത സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മറ്റിയുടെ അംഗീകാരത്തോടെ അർഹതയുണ്ടായിരുന്ന ആ ചെറുപ്പക്കാരനു സ്ഥിര നിയമനം നൽകി.ഇന്നു ഇതൊക്കെയോർത്തു നമ്മുടെ അസയിൻ ഇക്ക അകലങ്ങളിൽ ഇരുന്ന് ചിരിക്കുന്നുണ്ടാകും.എന്നാലും അസയിൻ ഇക്കാ, വല്ലാത്തൊരു പോക്കായിപ്പോയി ഇത്.

Show Full Article
TAGS:demiseassain karanthoor
News Summary - Memoir of the assain karanthoor
Next Story