Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightലത മ​ങ്കേഷ്കർ:...

ലത മ​ങ്കേഷ്കർ: വിജയതാളത്തിൽ ദൈവം ശ്രുതി ചേർത്തുവെച്ച ജീവിതം

text_fields
bookmark_border
ലത മ​ങ്കേഷ്കർ: വിജയതാളത്തിൽ ദൈവം ശ്രുതി ചേർത്തുവെച്ച ജീവിതം
cancel

പ്രണയിക്കുമ്പോഴും സ്വപ്നം കാണുമ്പോഴും സന്തോഷത്തിലും സന്താപത്തിലുമെല്ലാം ഇന്ത്യൻ മനസ്സുകളുടെ പിന്നണിയിൽ മുഴങ്ങിയിരുന്ന മധുരസ്വരം. എല്ലാ അനുഭൂതിയും വികാരവും ഇഴചേർന്ന സ്വരസ്ഥാനങ്ങളുടെ ഉടമയെ, ലത മങ്കേഷ്കറെ ലോകം ഇന്ത്യൻ വാനമ്പാടിയെന്ന് വിളിച്ചു. ആരാധനയോടെയും ബഹുമാനത്തോടെയും അതീവ സ്നേഹത്തോടെയും ഇന്ത്യൻ സിനിമാലോകം 'ലതാജി' എന്നും. 36 പ്രാദേശിക, വിദേശ ഭാഷകളിലായി 27,000ൽപ്പരം ഗാനങ്ങൾ. മൂന്ന് ദേശീയ അവാർഡുകൾ, ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം, ഭാരതരത്നം. അംഗീകാരങ്ങൾ എഴുതി ചേർത്ത്, വിജയ താളത്തിൽ ദൈവം ശ്രുതി ചേർത്തുവെച്ച ജീവിതം നവതിയിലെത്തിയേപ്പാഴും ആ സപ്തസ്വരത്തിൽനിന്ന് മധുര പതിനേഴിന്റെ മാധുര്യം വിട്ടുപോയിരുന്നില്ല.

1929 സെപ്റ്റംബർ 28ന് മധ്യപ്രദേശിലാണ് ലത മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ച് മക്കളിൽ മൂത്തയാൾ. ഗോവയിലെ മങ്കേഷിയിൽ നിന്ന് ഇൻഡോറിലേക്കു കുടിയേറിയ മഹാരാഷ്ട്ര കുടുംബമായിരുന്നു അവരുടേത്. ഹരിദ്കർ എന്ന കുടുംബപേര് ജൻമനാടിന്റെ ഓർമയ്ക്കായി മങ്കേഷ്‌കർ എന്നും മൂത്ത മകൾ ഹേമയുടെ പേര് ലതയെന്നും ദീനാനാഥ് മാറ്റിയതിനെ പിന്നീട് ലോകം മുഴുവൻ നെഞ്ചേറ്റി.

കലയോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഹേമ, മീന, ആശ, ഉഷ, ഹൃദയനാഥ് എന്നീ അഞ്ച് മക്കളെയും അച്ഛൻ തന്നെയാണ് സംഗീതം അഭ്യസിപ്പിച്ചത്. ചെറുപ്പത്തിലേ തന്റെ നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങിയ ഹേമയുടെ പേര് 'ഭാവ് ബന്ധൻ' എന്ന നാടകത്തിലെ ലതിക എന്ന കഥാപാത്രത്തോടുള്ള ഇഷ്ടം കാരണം ദീനാനാഥ് ലത എന്ന് മാറ്റുകയായിരുന്നു. ലതയ്ക്കു 13 വയസ്സുള്ളപ്പോഴായിരുന്നു അച്ഛെൻറ മരണം. തുടർന്ന് തനിക്കു താഴെയുള്ള നാലു സഹോദരങ്ങൾക്കു വേണ്ടി ജീവിതം കെട്ടിപ്പടുക്കേണ്ട ചുമതല ലതയുടേതായി. ഒരുപക്ഷേ, ജീവിതത്തിൽ ഉടനീളം താൻ പുലർത്തിയ കാർക്കശ്യം ആ കാലഘട്ടത്തിന്റെ കാഠിന്യങ്ങളിൽ നിന്നു പിറവിയെടുത്തതാകാമെന്ന് പിന്നീട് പലപ്പോഴും ലത അനുസ്മരിച്ചിട്ടുണ്ട്.

1942ൽ 13ാം വയസ്സിലാണ് ലത മറാഠി സിനിമയിൽ പാടിത്തുടങ്ങുന്നത്. 'കിതി ഹസാൽ' എന്ന സിനിമയിലെ 'നാച്ചുയാഗഡേ, കേലു സാരി' എന്ന ആദ്യഗാനം പക്ഷേ, സിനിമയിൽ ഒഴിവാക്കപ്പെട്ടു. പിറ്റേവർഷം 'ഗജാഭാവു' എന്ന ചിത്രത്തിൽ ആദ്യമായി ഹിന്ദിയിൽ പാടിയതും ശ്രദ്ധിക്കപ്പെട്ടില്ല. 1942 മുതൽ 48 വരെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ആ രംഗത്തും ചുവടുറപ്പിക്കാനായില്ല. തുടക്കകാലത്ത് സ്വരം മോശമെന്ന പേരിൽ അവസരങ്ങൾ പലതും നഷ്ടപ്പെട്ടത് ചരിത്രത്തിന്റെ തമാശകളിലൊന്ന് മാത്രം. നേർത്തതും തുളച്ചുകയറുന്നതുമായ ശബ്ദം ഹിന്ദിയിലെ അന്നത്തെ ഗാനശബ്ദസൗന്ദര്യ സങ്കൽപവുമായി യോജിച്ചു പോകുന്നില്ലെന്നായിരുന്നു മറ്റൊരു വിമർശനം. മറാഠി കലർന്ന ഹിന്ദി ഉച്ചാരണം ഉർദുവിന്റെ കാൽപനിക സൗന്ദര്യവുമായി ഇഴ ചേരുന്നില്ലെന്നും വിമർശകർ കണ്ടെത്തി. പക്ഷേ, നിശ്ചയദാർഢ്യത്തോടെ ഹിന്ദുസ്ഥാനിയും ഉർദുവും പഠിച്ചെടുത്ത ലതയ്ക്കു മുന്നിൽ, ആ സ്വരത്തിനു മുന്നിൽ, കാലം കീഴടങ്ങി.

1948ൽ ഗുലാം ഹൈദറുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മജ്‌ബൂർ' എന്ന സിനിമയിലെ 'ദിൽ മേര ധോഡ, മുഛെ കഹിൻ കാ നാ ചോര' എന്ന ഗാനമാണ് ലതയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. 1949ൽ 'മഹൽ' എന്ന സിനിമയിലെ 'ആയേഗ ആനേവാല' എന്ന ഗാനമാണ്​ ലതയുടെ ആദ്യ ഹിറ്റ്. ബാക്കിയെല്ലാം ചരിത്രം. സച്ചിൻ ദേവ് ബർമൻ, സലീൽ ചൗധരി, ശങ്കർ ജയ്കിഷൻ, മദൻ മോഹൻ, ഖയ്യാം, പണ്ഡിറ്റ് അമർനാഥ്, ഹുസൻലാൽ ഭഗത് റാം തുടങ്ങി അക്കാലത്തെ പ്രശസ്ത സംഗീത സംവിധായകർക്കെല്ലാം വേണ്ടി ലത പിന്നണിയിൽ പാടി. മുഹമ്മദ് റാഫി, കിഷോർ കുമാർ, മുകേഷ്, ഹേമന്ത് കുമാർ, മഹേന്ദ്ര കപൂർ, മന്ന ഡേ തുടങ്ങിയ പ്രശസ്തരായ ഗായകർക്കൊപ്പവും ലതയു​ടെ ശബ്ദം മുഴങ്ങി.

1970കളിലും 1980കളിലും കിഷോർ കുമാർ-ലത കൂട്ടുകെട്ടിൽ പിറന്ന യുഗ്മ ഗാനങ്ങൾ ഹിന്ദി ചലച്ചിത്രത്തിലെ എക്കാലെത്തയും മികച്ച ഹിറ്റുകളായിരുന്നു. 1969ൽ പുറത്തിറങ്ങിയ 'ആരാധന' എന്ന സിനിമയിൽ നിന്നുള്ള 'കോറ കാഗസ്', 1971ൽ പുറത്തിറങ്ങിയ 'ആന്ധി'യിലെ 'തെരേ ബിന സിന്ദഗി സേ', 1973ൽ പുറത്തിറങ്ങിയ അഭിമാനിൽ നിന്നുള്ള 'തെരേ മേരെ മിലൻ കി', 1978ലെ 'ഘർ' എന്ന ചിത്രത്തിലെ 'ആപ് കി ആാഘോം മേം കുഛ്' തുടങ്ങിയ ഗാനങ്ങൾ ഈ ജോഡി സൃഷ്ടിച്ച അവിസ്മരണീയ സംഗീത മാജിക്കുകളിൽ ചിലതാണ്.

1974ൽ ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച ഗായിക എന്ന ഗിന്നസ് ലോക റെക്കോർഡ് ലതയെ തേടിയെത്തി. അതിലേറെ ഗാനങ്ങൾ മുഹമ്മദ് റഫി പാടിയിട്ടുണ്ടെന്ന വാദവും പല കണക്കുകളും പിന്നാലെ ഉയർന്നപ്പോൾ ലതയുടെ വിശദീകരണം, പാട്ടുകളുടെ എണ്ണത്തിന്റെ കണക്ക് താൻ സൂക്ഷിച്ചിട്ടില്ലെന്ന പരാമർശത്തിലൊതുങ്ങി. ചില സംഗീത സംവിധായകരുമായുള്ള ലതയുടെ പിണക്കം കാരണം അവർ പാടേണ്ടിയിരുന്ന പല പാട്ടുകളും തന്നെ തേടിയെത്തിയതുപോലെ ഈ അപൂർവ ബഹുമതിയും 2011ൽ അനുജത്തി ആശാ ഭോസ്ലെക്ക് ലഭിച്ചതും ചരിത്രത്തിന്റെ മറ്റൊരു ഇടപെടൽ.

സംഗീത സംവിധായകരായ എസ്.ഡി. ബർമൻ, ഒ.പി.നയ്യാർ, സി. രാമചന്ദ്ര, ഗായകരായ മുഹമ്മദ് റഫി, ജി.എം. ദുറാനി എന്നിവരുമൊക്കെയായുള്ള ലതയുടെ വർഷങ്ങൾ നീണ്ട പിണക്കം ഏറെ പ്രശ്സ്തമാണ്. ബർമന്റെ സംഗീതത്തിന് ലതയുടെ സ്വരം അനുഭൂതി തീർക്കുന്ന കാലത്തായിരുന്നു അവർ തമ്മിലുള്ള പിണക്കം. ലതയുടെ ഒരു പാട്ട് തൃപ്തി വരാതെ വീണ്ടും റെക്കോർഡ് ചെയ്യാൻ ബർമൻ ആലോചിക്കുമ്പോളാണ് ലത വിദേശ പര്യടനത്തിനായി ഒരുങ്ങുന്നത്. തിരികെ വന്ന ശേഷം തന്റെ പാട്ട് ആദ്യം പൂർത്തിയാക്കണമെന്ന് ബർമൻ ആവശ്യപ്പെട്ടു. ഉറപ്പ് നൽകാനാകില്ലെന്നായിരുന്നു ലതയുടെ മറുപടി. അതോടെ ഇനി അവർ തനിക്കു വേണ്ടി പാടില്ലെന്നു ബർമൻ പ്രഖ്യാപിച്ചു. അതേ ഗാനം ആശാ ഭോസ്‌ലെ പാടിയെങ്കിലും അതിൽ തൃപ്തി വരാതെ ലതയുടെ സൗണ്ട് ട്രാക്ക് തന്നെ സിനിമയിൽ ഉപയോഗിച്ചുവെന്നത് വേറെ കാര്യം. അഞ്ചു വർഷത്തോളം നീണ്ട പിണക്കം ലതക്ക് നഷ്ടമായെങ്കിലും ആശാ ഭോസ്‌ലേക്ക് ഗുണകരമായി. ബർമന്റെ നല്ല ഈണങ്ങളൊക്കെയും അവർ പാടി തരംഗമാക്കി. പിന്നീട് ബർമന്റെ മകൻ ആർ.ഡി. ബർമൻ മുൻകൈയെടുത്ത് പിരിഞ്ഞ ബന്ധം വിളക്കിച്ചേർത്തതോടെ ഇരുവരും ചേർന്ന് ഹിന്ദിയിൽ ഹിറ്റുകളുടെ പെരുമഴ തന്നെ സൃഷ്ടിച്ചു.

റോയൽറ്റി വിഷയത്തിലായിരുന്നു റഫിയുമായുള്ള പിണക്കം. പാടിക്കഴിഞ്ഞാൽ ഗായകർക്ക് അതിൽ അവകാശമില്ലെന്നായിരുന്നു റഫിയുടെ വാദം. റോയൽറ്റി വേണമെന്ന വാദത്തിൽ ലതയും ഉറച്ചു നിന്നു. ഇതു വ്യക്തിതലത്തിൽ എത്തിയതോടെ ഹിന്ദി സിനിമ കണ്ട എക്കാലത്തെയും ഭാവസാന്ദ്രമായ യുഗ‌്മഗാന ജോഡി വേർപിരിഞ്ഞു. നാലു വർഷത്തിനു ശേഷം ഒരു സംഗീതനിശയിലാണ് അവർ വീണ്ടും ഒന്നിക്കുന്നത്. ലതയെക്കൊണ്ടു പാടിക്കാൻ സ്റ്റുഡിയോ ഒരുക്കി മൂന്നു ദിവസം കാത്തിരുന്നിട്ടും തിരക്കു കാരണം എത്താഞ്ഞതാണ് കണിശക്കാരനായ ഒ.പി. നയ്യാരെ ചൊടിപ്പിച്ചത്. പിന്നീട് ഒരിക്കലും നയ്യാർ ലതയെ അടുപ്പിച്ചില്ല. അതും നേട്ടമായത് ആശാ ഭോസ്‌ലേയ്ക്ക്. റിക്കോർഡിങ്ങിനെത്തിയ വേളയിൽ കളിയാക്കിയതാണ് ഗായകൻ ജി.എം. ദുറാനിയുമായുള്ള കലഹത്തിനു കാരണമായത്.

വിവാഹാഭ്യർഥന നിരസിച്ചതാണ് സംഗീത സംവിധായകൻ സി. രാമചന്ദ്രയുമായുള്ള ബന്ധം വഷളാക്കിയത്.

ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ രാമചന്ദ്രയടക്കം പലരോടൊപ്പം ലതയുടെ പേര് ചേർത്തു കഥകളുണ്ടായി. മുൻ ക്രിക്കറ്റർ രാജ് സിങ് ദുംഗാർപുരുമായുള്ള പ്രണയം അദ്ദേഹത്തിന്റെ വീട്ടുകാർ എതിർത്തതിനാൽ വിവാഹത്തിലെത്തിയില്ല. ഗായകൻ ഭൂപൻ ഹസാരികയുമായി ലതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പിൽക്കാലത്ത് ഭൂപന്റെ ഭാര്യ തന്നെ വെളിപ്പെടുത്തി.

ഇങ്ങനെ, പ്രണയത്തിന്റെ നാൾവഴികളിൽ പല പേരുകൾ ചേർക്കപ്പെട്ടെങ്കിലും ലതയുടെ നിതാന്ത പ്രണയം സംഗീതവുമായിട്ടായിരുന്നു. അത് കഴിഞ്ഞാൽ ക്രിക്കറ്റ്, ഫോട്ടോഗ്രഫി, വായന... ഏഴു പതിറ്റാണ്ടോളം നീണ്ട സംഗീതജീവിതം. അതിൽ അവർ ഒരു മഹാമേരുവായി നിലകൊണ്ടു. എല്ലാറ്റിനുമൊടുവിൽ ബാക്കിയാവുന്നത് ലതയുടെ മധുരശബ്ദം മാത്രം. അതിൽ ലയിക്കാനായത് ഈ കാലഘട്ടത്തിൽ ജീവിച്ചവരുടെ മഹാഭാഗ്യവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lata Mangeshkar
News Summary - Lata Mangeshkar life
Next Story