കെ.കെ. കൊച്ചിന്റെ ചിന്തകൾ വംശീയതയെയും ഫാഷിസത്തെയും മറികടക്കാൻ കരുത്തായിത്തീരട്ടെ -പി. മുജീബുറഹ്മാൻ
text_fieldsകോഴിക്കോട്: അന്തരിച്ച ദലിത് ചിന്തകൻ കെ.കെ. കൊച്ചിന്റെ തീക്ഷ്ണമായ ആലോചനകളും ചിന്തകളും ആശയങ്ങളും വംശീയതയും ഫാഷിസവും വാഴുന്ന കാലത്തെ മറികടക്കാൻ ഇന്ത്യൻ, കേരള ജനതകൾക്ക് കരുത്തായിത്തീരട്ടെയെന്ന് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അമീർ പി. മുജീബുറഹ്മാൻ.
‘ദലിത് - പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളുടെ വിമോചനത്തെക്കുറിച്ച് ധാരാളമായി സംസാരിക്കുകയും എഴുതുകയും ചെയ്ത സാമൂഹ്യ വിമർശകനും സംഘാടകനുമായിരുന്നു അദ്ദേഹം. വിദ്യാർഥി, യുവജന പ്രസ്ഥാന പ്രവർത്തന കാലത്ത് തന്നെ കെ.കെ. കൊച്ച് സുഹൃത്തായി കഴിഞ്ഞിരുന്നു. ഒന്നിച്ച് യാത്ര ചെയ്തും, സമര- പ്രക്ഷോഭ പരിപാടികളിൽ പങ്കെടുത്തും ആശയക്കൈമാറ്റം നടത്തിയും ഏറെ അടുത്തിടപഴകിയ വ്യക്തിത്വമാണ് കൊച്ച്’ -മുജീബുറഹ്മാൻ അനുസ്മരിച്ചു.
കാൻസർ ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1949 ഫെബ്രുവരി 2ന് കോട്ടയം ജില്ലയിലെ കല്ലറയിലാണ് ജനനം. കല്ലറ എൻ. എസ്.എസ്. ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആത്മകഥയായ ‘ദലിതൻ’ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതിയാണ്. അംബേദ്‌കർ: ജീവിതവും ദൗത്യവും (എഡിറ്റർ), ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, വായനയുടെ ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് പ്രധാന കൃതികൾ. സമഗ്ര സംഭാവനകൾക്കുള്ള 2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. വചനം ബുക്സ് സാഹിത്യകാരനായ നാരായന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ്, വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയൻ, മനുഷ്യാവകാശസമിതി എന്നീ സംഘടനകൾ രൂപീകരിക്കാൻ നേതൃത്വം നല്‍കി. 1986-ൽ 'സീഡിയൻ' എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയൻ വാരികയുടെ പത്രാധിപരുമായിരുന്നു. 1977-ൽ കെ.എസ്.ആർ.ടി.സി.യിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച് 2001-ൽ സീനിയർ അസിസ്റ്റൻറായി റിട്ടയർ ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.