Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightഇഷ്ടഗാനം പാടിത്തീരും...

ഇഷ്ടഗാനം പാടിത്തീരും മുമ്പേ മരണമെത്തി; പാതിയിൽ മുറിഞ്ഞൊരു ഗാനമായി ഇടവ ബഷീർ

text_fields
bookmark_border
ഇഷ്ടഗാനം പാടിത്തീരും മുമ്പേ മരണമെത്തി; പാതിയിൽ മുറിഞ്ഞൊരു ഗാനമായി ഇടവ ബഷീർ
cancel
camera_alt

ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്‍റെ സുവർണ ജൂബിലി ആഘോഷത്തിൽ പാടുന്നതിനിടെ ഇടവ ബഷീർ കുഴഞ്ഞുവീഴുന്നു (വീഡിയോ ദൃശ്യത്തിൽ നിന്നെടുത്തത്) 

Listen to this Article

ആലപ്പുഴ: 'മാനാ ഹോ തും ബേഹദ് ഹസി...' എത്രയോ ഗാനമേള വേദികളെ പുളകം കൊള്ളിച്ച തന്റെ ഇഷ്ടഗാനം പാടിത്തീരും മുമ്പേ ഇടവ ബഷീർ പാതിയിൽ മുറിഞ്ഞൊരു ഗാനമായി. ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്‍റെ സുവർണ ജൂബിലി ആഘോഷത്തിൽ പാടുമ്പോൾ ഇടവ ബഷീറിന്റെ മനസ്സിൽ ആ പഴയ ഗാനമേള നാളുകൾ തെളിഞ്ഞുവന്നിരിക്കും. സൂചി കുത്താന്‍ ഇടമില്ലാത്ത വിധം തടിച്ചുകൂടിയ ജനങ്ങളെ സാക്ഷിയാക്കി നടത്തിയ അസംഖ്യം ഗാനമേളകൾ. എല്ലാ പരിപാടിക്കും മുമ്പ് മുഴങ്ങിയിരുന്ന ആ അനൗൺസ്മെന്റ്-'ഗാനമേളവേദിയിലെ കിരീടം വെക്കാത്ത രാജാവ് ഇടവ ബഷീർ, ഇതാ നിങ്ങൾക്കുമുന്നിൽ...'

'ആകാശരൂപിണി അന്നപൂര്‍ണേശ്വരി' എന്ന ഗാനമാണ് ബഷീർ എല്ലാ പരിപാടികളിലും ആദ്യം പാടുക. അന്നൊക്കെ ഉത്സവപ്പറമ്പുകളില്‍ ഒഴിച്ചുകൂടാനാവാത്ത രണ്ട് പരിപാടികൾ ഉണ്ടായിരുന്നു; ഇടവ ബഷീറിന്റെ ഗാനമേളയും വി. സാംബശിവന്റെ കഥാപ്രസംഗവും. 'സന്യാസിനീ, നിൻ പുണ്യാശ്രമത്തിൽ ഞാൻ...' എന്ന പാട്ടായിരുന്നു ബഷീറിന്റെ ഗാനമേളകളിലെ മറ്റൊരു പ്രധാന ഹൈലൈറ്റ്. രണ്ടും മൂന്നും തവണ ഈ പാട്ട് ആരാധകർ ബഷീറിനെ കൊണ്ട് പാടിക്കുമായിരുന്നു. ഒരു മടുപ്പും കൂടാതെ തന്റെ പ്രിയഗാനം അദ്ദേഹം പാടിക്കൊടുക്കുകയും ചെയ്യും.

യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കും മുമ്പ് ആ പാട്ട് മലയാളികൾ ആസ്വദിച്ചത് ബഷീറിന്റെ സ്വരത്തിലായിരുന്നു എന്നത് മറ്റൊരു കാര്യം. ആ പാട്ടിന്റെ റെ​ക്കോർഡിങിനായി ദാസിനൊപ്പം ബഷീറും പോയിരുന്നു. വയലാറും ദേവരാജന്‍ മാസ്റ്ററും ദാസിന് പാട്ട് പറഞ്ഞുകൊടുത്തപ്പോൾ തന്നെ ആ ഈണം ബഷീറിന്റെ മനസ്സിൽ കയറിക്കൂടി. ദാസ് പാടുന്നതുകേട്ട് വരികൾ നോട്ടുബുക്കിൽ എഴുതിയെടുത്തു. ഈണം മനഃപാഠമാക്കുകയും ചെയ്തു. പിറ്റേന്ന് നാട്ടിൽ നടത്തിയ ഒരു പരിപാടിയിൽ ചൂടോടെ പുതിയ ഗാനം ബഷീർ മലയാളികളെ കേൾപ്പിക്കുകയും ചെയ്തു.

കോടമ്പള്ളി ഗോപാലപിള്ള എന്ന സംഗീതജ്ഞന്‍റെ അടുത്തുനിന്നാണ് ബഷീര്‍ ശാസ്ത്രീയ സംഗീതത്തിന്‍റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. രത്‌നാകരന്‍ ഭാഗവതര്‍, വെച്ചൂര്‍ ഹരിഹര സുബ്രഹ്​മണ്യം തുടങ്ങിയവരില്‍നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മ്യൂസിക് കോളജില്‍നിന്ന്​ ഗാനഭൂഷണം പൂര്‍ത്തിയാക്കിയശേഷം വര്‍ക്കലയില്‍ സംഗീതാലയ എന്ന ഗാനമേള ട്രൂപ് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു. 1978ൽ അടൂർ ഭാസി സംവിധാനം ചെയ്ത രഘുവംശം എന്ന സിനിമയിലെ 'വീണവായിക്കുമെന്‍ വിരല്‍ത്തുമ്പിലെ...' എന്ന് തുടങ്ങുന്ന ഗാനമാണ് ബഷീറിന്‍റെ ആദ്യ ചലച്ചിത്രഗാനം. മദ്രാസില്‍ എ.വി.എം സ്റ്റുഡിയോയില്‍ ​വെച്ച് എസ്. ജാനകിക്കൊപ്പമാണ് ആ പാട്ട് പാടിയത്.

പിന്നീട് 'മുക്കുവനെ സ്‌നേഹിച്ച ഭൂതം' എന്ന സിനിമക്കുവേണ്ടി കെ.ജെ. ജോയിയുടെ സംഗീത സംവിധാനത്തില്‍ വാണി ജയറാമുമൊത്ത് പാടിയ 'ആഴിത്തിരമാലകള്‍ അഴകിന്‍റെ മാലകള്‍...' എന്ന ഗാനം ഹിറ്റായി. ഓള്‍ കേരള മ്യുസിഷന്‍സ് ആന്‍ഡ് ടെക്‌നീഷന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ പ്രസിഡന്‍റായിരുന്നു. ഗാനമേള മേഖലയിൽ നവീന സംഗീതോപകരണങ്ങൾ പരിചയപ്പെടുത്തുന്നതിൽ ശ്രദ്ധേയ പങ്കാണ്​ ഇടവ ബഷീർ വഹിച്ചത്​.

ഗാനമേളയുടെ മുഖഛായ മാറ്റിയ ഗായകന്‍ എന്നും ബഷീറിനെ വിശേഷിപ്പിക്കാം. ഗാനമേളകളെ കൂടുതല്‍ ജനകീയമാക്കുകയും യുവഹൃദയങ്ങളോട് കൂടുതല്‍ അടുപ്പിക്കുകയും ചെയ്തതിൽ അദ്ദേഹംനടത്തിയ വിപ്ലവാത്മകമായ പരീക്ഷണങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കോര്‍ഗിന്റെ ജാപ്പനീസ് മിനി സിന്തസൈസറും യമഹയുടെ എക്കോ മിക്‌സറും ഡബിള്‍ ഡെക്ക് കീബോര്‍ഡും ഓര്‍ഗനും 12 തന്ത്രികളുള്ള ഗിറ്റാറും റോളണ്ടിന്റെ റിഥം കംപോസറും ജൂപ്പിറ്റര്‍ സിന്തസൈസറും പിയാനോ എക്കോഡിയനും തുടങ്ങി മലയാളികള്‍ കണ്ടു ശീലിച്ചിട്ടില്ലാത്ത നിരവധി പാശ്ചാത്യ-പൗരസ്ത്യ സംഗീതോപകരണങ്ങള്‍ അവതരിപ്പിച്ചത് ബഷീറാണ്.

ഗാനമേളകളുടെ സുൽത്താനായി കഴിഞ്ഞപ്പോഴും സിനിമാഗാനങ്ങൾ അദ്ദേഹത്തെ അധികം തേടിയെത്തിയില്ല. അതിൽ പരിഭവമില്ലാതെ പാടിപ്പാടി മൈതാനത്ത് തിങ്ങിനിറയുന്ന പതിനായിരങ്ങളെ കോരിത്തരിപ്പിച്ചുകൊ​ണ്ടേയിരുന്നു. 'സിനിമക്ക് നൽകാൻ കഴിയാത്തൊരു സൗഭാഗ്യം എനിക്ക് എന്നുമുണ്ടായിരുന്നു, സാധാരണക്കാരന്റെ സ്നേഹം' എന്ന് മാത്രം പറഞ്ഞ്...Show Full Article
TAGS:Edava Basheer 
News Summary - Edava Basheer as a song not completed
Next Story