നീതിബോധവും സൗമ്യതയും കൈമുതലായ ഉദ്യോഗസ്ഥൻ; ഡോ. ടി.കെ. മുനവ്വർറഹ്മാന് നാടിന്‍റെ യാത്രാമൊഴി...
text_fieldsഡോ. ടി.കെ. മുനവ്വർറഹ്മാൻ
കോഴിക്കോട്: വാക്കുകളിൽ സൗമ്യതയും പെരുമാറ്റത്തിൽ മാന്യതയും തീരുമാനങ്ങളിൽ നീതിബോധവും ഹൃദയത്തിൽ മനുഷ്യസ്നേഹവും കാത്തുസൂക്ഷിച്ചിരുന്ന ഡോ. ടി.കെ. മുനവ്വർറഹ്മാന്‍റെ സാന്നിധ്യം ജനഹൃദയത്തിൽ നിറഞ്ഞു നിൽക്കും. പൊതുസേവനത്തിൽ ആത്മാർഥതയുടെ പ്രതീകമായിരുന്നു വിടപറഞ്ഞ കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ടി.കെ. മുനവ്വർറഹ്മാൻ. അദ്ദേഹം എത്രമേൽ പൊതുസമൂഹത്തിന്റെയും സഹപ്രവർത്തകരുടെയും മനസ്സിലിടം നേടിയിരുന്നു എന്ന് തെളിയിക്കുന്നതായി കോർപറേഷൻ ഭരണകാര്യാലയത്തിൽ വിടനൽകാൻ ഒത്തുകൂടിയ പുരുഷാരം. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും ജനപ്രതിനിധികളും നേതാക്കളും ഡോ. മുനവ്വർ റഹ്മാന് അന്തിമോപചാരർപ്പിച്ചു. കണ്ണീരിൽ കുതിർന്നു പലരുടെയും യാത്രാമൊഴി.
ഔദ്യോഗിക പദവികളിലെ കസേരയല്ല, മറിച്ച് എടുത്ത നിലപാടുകളുടെ ആർജ്ജവമാണ് ഒരു ഉദ്യോഗസ്ഥനെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കുന്നത് എന്ന് അദ്ദേഹം തന്റെ പ്രവൃത്തികളിലൂടെ കാണിച്ച് തന്നു. ജനങ്ങളെ ഭരിക്കാനുള്ള വടിയല്ല, മറിച്ച് സമൂഹത്തിന് വേണ്ടി നന്മകൾ ചെയ്യാനുള്ള വലിയൊരു നിയോഗമായാണ് അദ്ദേഹം തന്റെ ഉദ്യോഗത്തെ കണ്ടത്. വ്യാപാരികളുടെ വിവിധ വിഷയങ്ങളിൽ നിരന്തരം ഇടപെട്ടിരുന്ന വ‍്യക്തിയാണ് അദ്ദേഹം.
ഭാരിച്ച ജോലിയുടെ പൂർണതക്ക് വേണ്ടി സദാ കർമനിരതനായ ഉദ്യോഗസ്ഥനെയാണ് ഡോ. മുനവർ റഹ്മാനിൽ കാണാനായത്. 76 വാർഡുകൾ ഉള്ള കോഴിക്കോട് കോർപറേഷന്റെ ആരോഗ്യവിഭാഗം മേധാവി എന്ന നിലയിൽ അദ്ദേഹത്തിന് പ്രവർത്തിക്കാൻ 24 മണിക്കൂർ മതിയാവാത്ത അവസ്ഥയായിരുന്നു. രാത്രി ഒമ്പത് മണി കഴിഞ്ഞാലും ഓഫിസിൽ നിന്ന് ഇറങ്ങിയിരുന്നില്ല. പകലന്തിയോളം പണിയെടുത്താലും പഴിയേറെ കേൾക്കേണ്ടി വരുന്ന ആ വകുപ്പിലെ വെല്ലുവിളികളെ അദ്ദേഹം അതീവ ആത്മവിശ്വാസത്തോടെയും സംയമനത്തോടെയും നേരിട്ടു. കഴിഞ്ഞ മാസം 24ന് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ജനസേവകനെന്ന നിലയിൽ ജനപ്രതിനിധികൾക്കും സഹപ്രവർത്തകർക്കും പൊതുജനത്തിനും ഏറെ പ്രിയങ്കരനായിരുന്നു ഡോ. മുനവ്വർറഹ്മാൻ.
കോഴിക്കോട് മീഞ്ചന്ത ഗവ. ഹൈസ്കൂൾ ഉർദു അധ്യാപകനും ഹയർ സെക്കൻഡറി കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ഡയറക്ടറും കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും ആയിരുന്ന ടി.കെ. അബ്ദുറഹിമാൻ മാസ്റ്ററുടെ മകനാണ്. മാതാവ്: സുബൈദ (റിട്ട. അധ്യാപിക, പയ്യാനക്കൽ ഹൈസ്കൂൾ). ഭാര്യ: ഡോ. ഷബ്ന (സഹ. ഹോസ്പിറ്റൽ കോഴിക്കോട്). മകൻ: അബ്ദുല്ല ഐതീൻ (എട്ടാം ക്ലാസ് വിദ്യാർഥി). സഹോദരൻ: മുഹമ്മദ് റിയാസ്. മുന്നൂര് അനസാറുൽ ഇസ്‍ലാം മദ്റസയിൽ പൊതുദർശനത്തിന് ശേഷം മയ്യിത്ത് നമസ്കാരം വൈകുന്നേരം അഞ്ചുമണിക്ക് മുന്നൂര് ജുമുഅ മസ്‌ജിദിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

