Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightഡോ. കമാൽ പാഷ:...

ഡോ. കമാൽ പാഷ: ചരിത്രത്തിലൂടെ സഞ്ചരിച്ച മഹാവ്യക്തിത്വം

text_fields
bookmark_border
ഡോ. കമാൽ പാഷ: ചരിത്രത്തിലൂടെ സഞ്ചരിച്ച മഹാവ്യക്തിത്വം
cancel
Listen to this Article

ജീവിതത്തെ ഗവേഷണ തപസ്യയാക്കിയ മഹാപണ്ഡിതൻ, പ്രഗത്ഭ ചരിത്രകാരൻ, ഗ്രന്ഥകാരൻ, സ്നേഹനിധിയായ അധ്യാപകൻ, ഡോ. എൻ.കെ. മുസ്തഫ കമാൽപാഷയെകുറിച്ചോർക്കുമ്പോൾ അപദാനങ്ങളുടെ പെരുമഴയുണ്ടാകും. സ്നേഹോഷ്മള വികാരങ്ങളുടെ നിറച്ചാർത്തുകൾ വിരിയും. അനേകായിരം വിദ്യാർഥികളുടെ പ്രിയപ്പെട്ട 'പാഷസാർ' അത്ര കണ്ട് വിസ്മയം തീർത്ത അനുപമ വ്യക്തിത്വമായിരുന്നു.

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ചരിത്ര വിഭാഗം തലവൻ, കാലിക്കറ്റ് സർവകലാശാല ചെയർ ഫോർ ഇസ്‍ലാമിക് സ്റ്റഡീസ് ആൻഡ് റിസർച്ച് പ്രഫസർ, സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് എക്സി. അംഗം, എം.ജി. യൂനിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് ഇൻ ഇസ്‍ലാമിക് ഹിസ്റ്ററി മെംബർ, കാലിക്കറ്റ് സർവകലാശാല ഫാക്കൽറ്റി ഓഫ് ഹ്യുമാനിറ്റീസ് മെംബർ, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, മെംബർ തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങളും എത്രയോ മടങ്ങ് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ അനൗദ്യോഗിക പദവികളും വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.


അതിലുപരിയാണ് അദ്ദേഹത്തിന്റെ അനുസ്യൂതമായ രചനാപാടവം. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിലും സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിലും പലകുറി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ചെറുതും വലുതുമായി അനേകം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഖുർആനിക വിഷയങ്ങളിൽ അവഗാഹമുള്ള അനേകം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഹദീസ് വിജ്ഞാന മേഖലയിലുൾപ്പെടെ അനവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. സാമൂഹികശാസ്ത്ര വിഷയങ്ങളിലും മനഃശാസ്ത്ര രംഗത്തും വിലപ്പെട്ട പഠനകുറിപ്പുകൾ തയാറാക്കിയിട്ടുണ്ട്. സാമൂഹിക ചരിത്രവിഷയങ്ങളിൽ എണ്ണമറ്റ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോയിൽ അസംഖ്യം ചരിത്ര പ്രഭാഷണങ്ങൾ നിർവഹിച്ചിട്ടുണ്ട്. ആരെയും അത്ഭുതപ്പെടുത്തുന്ന പ്രതിഭാധനത്വത്തിന്റെ വിസ്മയക്കാഴ്ച തന്നെയായിരുന്നു പാഷസാർ.

ഖുർആനിലെ ചരിത്ര ശേഷിപ്പുകൾ തേടിയുള്ള അദ്ദേഹത്തിന്റെ ഗവേഷണ യാത്രയാണ് വിസ്മയകരമായ മറ്റൊരു ദൗത്യം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ തന്റെ സഹാധ്യാപകനായ ഡോ. അബ്ദുറസാഖ് സുല്ലമിക്കൊപ്പമായിരുന്നു യാത്ര. ഖുർആനിൽ പരാമർശിക്കപ്പെട്ട ചരിത്രസംഭവങ്ങളെയും ജനതതികളെയും തേടി സൗദി അറേബ്യ, ഈജിപ്ത്, ഇറാഖ്, യമൻ, ഇറാൻ, അർമീനിയ, ജോർജിയ, തുർക്കി, ഒമാൻ, ജോർഡൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ സഞ്ചരിച്ചു.

ബൃഹത്തായ ഈ ഗവേഷണയാത്രയുടെ സൃഷ്ടിയാണ് 'ഖുർആനിലെ ചരിത്രഭൂമികളിലൂടെ' എന്ന സീഡി. തുടർന്ന് അനേകം പേർ ഈ ചരിത്രശേഷിപ്പുകൾ കാണാൻ താൽപര്യം പ്രകടിപ്പിച്ചതിന്റെ ഫലമായി വിവിധ രാജ്യങ്ങളിലേക്ക് പന്ത്രണ്ട് പഠനയാത്രകൾ സംഘടിപ്പിച്ചു. അക്കാദമിക സപര്യയുടെ അതിരുകൾക്കപ്പുറത്തെ ശ്രമകരമായ അധ്വാനങ്ങളുമായിരുന്നു ഈ യാത്രകളത്രയും. എന്നാലും അവയുടെ വിസ്മയക്കാഴ്ചകൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ അദ്ദേഹം സമയം കണ്ടെത്തി.

ഈ കുറിപ്പുകാരനടക്കം അനേകായിരം വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകനാണ് പാഷ സാർ. വിദ്യാർഥികൾ മനസ്സിൽ കൊതിക്കുന്ന അധ്യാപകശ്രേഷ്ഠൻ. സവിശേഷമായൊരു ശൈലിയുണ്ടായിരുന്നു ആ ക്ലാസുകൾക്ക്. വിദ്യാർഥികൾ ക്ലാസിൽ നിർഭയരും പൂർണസ്വതന്ത്രരുമായിരുന്നു. ഏതറ്റത്തോളവും സംശയങ്ങളുന്നയിക്കാൻ വിദ്യാർഥികൾക്ക് അവകാശവുമുണ്ടായിരുന്നു. പാഠ്യപദ്ധതിയുടെ ചുമരുകൾക്കകത്ത് ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ക്ലാസുകൾ. അതുകൊണ്ടുതന്നെ, വ്യക്തികളിലൂടെ, ചരിത്രസംഭവങ്ങളിലൂടെ, ദർശനവൈവിധ്യങ്ങളിലൂടെ, പ്രത്യയശാസ്ത്ര വിശകലനങ്ങളിലൂടെ, അവ സഞ്ചരിച്ചുകൊണ്ടേയിരുന്നു. പഠിക്കുന്നവരും പഠന കാര്യങ്ങളിൽ തൽപരരല്ലാത്തവരും ഒരേപോലെ ആസ്വദിച്ചിരിക്കുന്ന അത്ഭുതകരമായ ഒരനുഭവമായിരുന്നു. പുഞ്ചിരിച്ചുകൊണ്ടല്ലാതെ അദ്ദേഹം വിദ്യാർഥികളെ അഭിമുഖീകരിച്ചിരുന്നില്ല.

ജീവിതത്തെ കർമനിരതമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ എല്ലായ്പോഴുമുള്ള ഉപദേശം. ആഴ്ചകൾക്ക് മുമ്പ് കാണാൻ ചെന്ന സന്ദർഭത്തിലും അരികിലേക്ക് ചേർത്തുനിർത്തി അദ്ദേഹമുണർത്തിച്ചത് അതായിരുന്നു. നിരന്തരമായി വായിക്കണമെന്നും ഉണർവോടെ പ്രവർത്തിക്കണമെന്നും അനസ്യൂതമായ കർമശ്രേഷ്ഠതയുടെ മഹാപ്രവാഹമായ സ്വജീവിതത്തിന്റെ തേട്ടമായിരുന്നു ആ വാക്കുകൾ.

പ്രിയപ്പെട്ട പാഷ സാറിന്റെ ശിഷ്യനാവാനും തുടർന്ന് പതിനെട്ടു വർഷത്തോളം സഹപ്രവർത്തകനാവാനും അവസരമുണ്ടായത് മഹാഭാഗ്യം. സ്രഷ്ടാവിന്റെ അനുഗ്രഹവും കാരുണ്യവും ഈ കർമയോഗിയുടെ പാരത്രിക ജീവിതത്തിൽ എന്നുമുണ്ടാവട്ടെയെന്ന് പ്രാർഥിക്കുന്നു. ആ മനീഷി കൊളുത്തിവെച്ച അറിവിൻ ദീപശിഖകൾ ഇനിയുമേറെ തലമുറകൾക്ക് വെളിച്ചം പകരട്ടേയെന്നും ആശിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:historyMustafa Kamal Pasha
News Summary - Dr. Kamal Pasha: A great personality who traveled through history
Next Story