കണ്ണൂർ: നിയമരംഗത്തെ വേറിട്ട വ്യക്തിത്വത്തിനുടമയെയാണ് റിട്ട. ജസ്റ്റിസ് സി. ഖാലിദിെൻറ നിര്യാണത്തിലൂടെ നഷ്ടമായത്. തനിക്ക് നീതിയെന്നു തോന്നുന്നത് പ്രവൃത്തിയിൽ കാണിക്കുന്നതിന് ഭയമില്ലാത്ത നിയമജ്ഞനായിരുന്നു അദ്ദേഹം. നിയമരംഗത്തെ വളർച്ചയുടെ പടവുകൾ താണ്ടാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയതും ഇത്തരം നിലപാടുകളായിരുന്നു.
ഔദ്യോഗിക ജീവിതത്തിലെ ആദ്യകാല തട്ടകമായിരുന്നു തലശ്ശേരി. അതുകൊണ്ടുതന്നെ മുസ്ലിം ലീഗ് നേതാവ് സി.കെ.പി. ചെറിയ മമ്മുക്കേയിയുമായി അടുത്ത സൗഹൃദം സി. ഖാലിദ് പുലർത്തിയിരുന്നു.
ഈ സൗഹൃദത്തിെൻറ ഫലമായി അവിഭക്ത കണ്ണൂർ ജില്ലയിലെ കണ്ണൂർ, കാസർകോട്, മാനന്തവാടി താലൂക്കുകളിലെ മുസ്ലിം ലീഗിെൻറ കേസുകൾ വാദിക്കുന്ന ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു. മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദിെൻറയും പി.എസ്.സി ചെയർമാനായിരുന്ന ടി.എം. സാവാൻ കുട്ടിയുടെയും സമകാലികനായിരുന്നു സി. ഖാലിദും.
തലശ്ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ കമീഷനു മുമ്പാകെ മുസ്ലിം ലീഗിനു വേണ്ടിയും സി.കെ.പി. ചെറിയ മമ്മുക്കേയിക്കുവേണ്ടിയും ഹാജരായതും അേദ്ദഹമായിരുന്നു. ഇ.കെ. നായനാർ മുഖ്യമന്ത്രിയായപ്പോഴാണ് നിയമവകുപ്പ് സെക്രട്ടറിയായത്.
1967ൽ യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡൻറായിരിക്കെ വിമോചന സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി രജനി എസ്. ആനന്ദ് ആത്മഹത്യ ചെയ്ത കേസിൽ കമീഷനായും നിർമലഗിരി കോളജ് കമീഷനായും അദ്ദേഹത്തെ നിയമിച്ചതും നിയമ രംഗത്തെ പ്രാഗല്ഭ്യത്തിെൻറ ഫലമായിട്ടായിരുന്നു.
ലൗ ജിഹാദ് കേസിലും അബ്ദുൽ നാസർ മഅദനിയുടെ കേസിലും കോടതികളിൽ ഹാജരായിട്ടുണ്ട്. 1984ൽ ജില്ല ജഡ്ജിമാരുടെ പാനലിൽ ഉൾപ്പെട്ടപ്പോൾ ആദ്യം എത്തിയത് സി.കെ.പി. ചെറിയ മമ്മുക്കേയിയുടെ വീട്ടിലായിരുന്നുവെന്ന് അഡ്വ. പി.വി. സൈനുദ്ദീൻ പറഞ്ഞു.
മമ്മുക്കേയിയുടെ സമ്മതവും അനുഗ്രഹവും ഉണ്ടെങ്കിൽ മാത്രമേ പുതിയ സ്ഥാനം ഏറ്റെടുക്കുവെന്ന് സി. ഖാലിദ് പറഞ്ഞതായും പി.വി. സൈനുദ്ദീൻ ഓർക്കുന്നു.
നിയമരംഗത്തെ അറിവും പാണ്ഡിത്യവും വെളിപ്പെടുത്തുന്ന ഗഹനമായ ലേഖനങ്ങൾ ആനുകാലികങ്ങളിൽ എഴുതുന്നതിലും അദ്ദേഹം മുൻപന്തിയിലായിരുന്നു. ഒരുഘട്ടത്തിൽ ജഡ്ജിമാരെ ഉൾപ്പെടെ നിശിതമായി വിമർശിക്കുന്ന ലേധനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.