മാധ്യമപ്രവര്‍ത്തകൻ തടത്തിൽ ഫ്രാന്‍സിസ് നിര്യാതനായി
text_fieldsന്യൂജേഴ്‌സി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഓണ്‍ലൈന്‍ മാധ്യമമായ കേരള ടൈംസിന്റെ ചീഫ് എഡിറ്ററുമായ കോടഞ്ചേരി സ്വദേശി തടത്തിൽ ഫ്രാന്‍സിസ് (52) നിര്യാതനായി. ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവരയിലായിരുന്നു താമസം. കോഴിക്കോട് ദേവഗിരി കോളജിലെ അധ്യാപകനായിരുന്ന പരേതനായ പ്രഫ. ടി.കെ. മാണിയുടേയും എലിസബത്ത് കരിംതുരുത്തേലിന്റേയും മകനാണ്.
ദീപികയില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ഫ്രാന്‍സിസ് ദീപികയുടെ വിവിധ ബ്യൂറോകളില്‍ ബ്യൂഫോ ചീഫ്, മംഗളം കോഴിക്കോട് യൂണിറ്റില്‍ ന്യൂസ് എഡിറ്റര്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചു. ശ്രദ്ധേയമായ അനേകം വാര്‍ത്തകളും ലേഖന പരമ്പരകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് അമേരിക്കയിലേക്കു കുടിയേറിയ ഫ്രാന്‍സിസ് ഇ മലയാളി ന്യൂസ് പോര്‍ട്ടലില്‍ ന്യൂസ് എഡിറ്ററായി. അമേരിക്കയിലെ മലയാളി ചാനലായ എം.സി.എന്‍ ചാനലിന്റെ ഡയറക്ടറായിരുന്നു. രക്താര്‍ബുദം ബാധിച്ച് സ്‌റ്റെം സെല്‍ ട്രാന്‍സ്പ്‌ളാന്റേഷന്‍ നടത്തി അഞ്ചു വര്‍ഷത്തോളം വെന്റിലേറ്ററിലും തീവ്രപരിചരണ വിഭാഗത്തിലുമായിരുന്നു.
മാധ്യമരംഗത്തെ അനുഭവങ്ങളുമായി 'നാലാം തൂണിനപ്പുറം' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഫൊക്കാനയുടെ മാധ്യമ പുരസ്‌കാരം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡ്, പുഴങ്കര ബാലനാരായണന്‍ അവാര്‍ഡ്, പ്‌ളാറ്റൂണ്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ നേടി.
ഭാര്യ: നെസി തോമസ് തടത്തില്‍ (അക്യൂട്ട് കെയര്‍ നഴ്‌സ് പ്രാക്ടീഷണര്‍, ന്യൂജേഴ്‌സി). മക്കള്‍: ഐറിന്‍ എലിസബത്ത്, ഐസക് ഇമ്മാനുവേല്‍. സഹോദരങ്ങള്‍: വിക്ടോറിയ തടത്തില്‍ (എറണാകുളം), ലീന തടത്തില്‍ (കോഴിക്കോട്), വില്യം തടത്തില്‍ (യുകെ), ഹാരിസ് തടത്തില്‍ (ബെംഗളുരു), മരിയ തടത്തില്‍ (തൊടുപുഴ), സിസ്റ്റര്‍ കൊച്ചുറാണി (ടെസി- ജാര്‍ക്കണ്ഡ്), അഡ്വ. ജോബി തടത്തില്‍ (കോഴിക്കോട്), റോമി തടത്തില്‍ (കോടഞ്ചേരി), റെമ്മി തടത്തില്‍ (ഏറ്റുമാന്നൂര്‍), മഞ്ജു ആഗ്നസ് തടത്തില്‍ (യുഎസ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

