കോഴിക്കോട്: സ്കൂട്ടറും ഗുഡ്സ് വാനുമിടിച്ച് ഫുട്ബാൾ താരം മരിച്ചു. ഫ്രാൻസിസ് റോഡ് തോട്ടൂളിപാടം 'ദാറുൽ ഹസ' യിൽ ഇസ്ഹാം മിഷാബ് (താപ്പ-45) ആണ് ചൊവ്വാഴ്ച പുലർച്ചെ നാലോടെ മീഞ്ചന്ത ഗവ. ആർട്സ് കോളജിന് സമീപം അപകടത്തിൽപെട്ടത്. എണ്ണപ്പലഹാര കച്ചവടം നടത്തിയിരുന്ന മിഷാബ് കടകളിൽ പലഹാരം വിതരണം ചെയ്യാനായി സ്കൂട്ടറിൽ പോകവെ മത്സ്യവുമായി വന്ന ചരക്കുവാഹനവുമായി അപകടത്തിൽപെടുകയായിരുന്നു.
നഗരത്തിലെ മികച്ച ഫുട്ബാൾ താരമായിരുന്നു. എം.എം ഹൈസ്കൂളിന് 1997-98 വർഷം സുബ്രദോ മുഖർജി കപ്പ് സ്കൂളിന് നേടിക്കൊടുത്ത ടീമിന്‍റെ സുപ്രധാന കളിക്കാരനായിരുന്നു. ആ വർഷം കേരള ടീമിനെ പ്രതിനിധാനംചെയ്ത് ബിഹാറിൽ നടന്ന ഇന്‍റർസ്റ്റേറ്റ് സ്കൂൾ ടൂർണമെന്‍റിലും കളിച്ചു. ഗുരുവായൂരപ്പൻ കോളജ് ടീമിന് വേണ്ടിയും കേരള ജൂനിയർ ടീമിന് വേണ്ടിയും ജഴ്സി അണിഞ്ഞിട്ടുണ്ട്.
കല്ല് കോൺട്രാക്ടറും പരപ്പിൽ ശാദുലിപ്പള്ളി മുക്രിയുമായിരുന്ന ഉമ്മറിന്‍റെയും റുഖിയയുടെയും മകനാണ്. ഭാര്യ: റുബീന. മകൾ: അസ റുഖിയ. സഹോദരങ്ങൾ: എൻജി. ഇക്ബാൽ (ഓവർസിയർ, കോഴിക്കോട് കോർപറേഷൻ), ഇസ്ഹാക്ക്, അസിബിയ, ഇസ്മായിൽ, ഇർഷാദ്, ഹസീന.