കോട്ടയത്ത് ലോട്ടറി വിൽപനക്കാരി കാറിടിച്ച് മരിച്ചു
text_fieldsകോട്ടയം: കോട്ടയത്ത് ലോട്ടറി വിൽപനക്കാരി കാറിടിച്ച് മരിച്ചു. സൗത്ത് പാമ്പാടി കുറ്റിക്കൽ ജങ്ഷനിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. കൂരോപ്പട പങ്ങട പൗവ്വത്ത് താഴത്തുമുറി വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ഓമന രവീന്ദ്ര(56)നാണ് മരിച്ചത്.
പാമ്പാടി കറുകച്ചാൽ റോഡിൽ, കുറ്റിക്കൽ ജങ്ഷനിലൂടെ നടന്നു ലോട്ടറി വിൽപന നടത്തവെ, കറുകച്ചാൽ ഭാഗത്തേക്ക് പോകുകയിരുന്ന സെലേറിയോ കാർ പിന്നിലൂടെ അമിത വേഗതയിൽ എത്തി ഓമനയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഓമന, വൈദ്യുതി പോസ്റ്റിലിടിച്ച ശേഷമാണ് വീണതെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ കാറിലുണ്ടായിരുന്നവർ പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചതായാണ് വിവരം.
അപകടത്തിൽ കാറിന്റെ മുൻ ഗ്ലാസും ഹെഡ് ലൈറ്റും തകർന്നു. പാമ്പാടി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഓമനയുടെ ഭർത്താവ് രവീന്ദ്രൻ ഓമനക്കുട്ടനും ലോട്ടറി തൊഴിലാളിയാണ്. മക്കൾ: അനു (ജനസേവന കേന്ദ്രം-പുളിമൂട് ചെന്നാമറ്റം), അഞ്ജലി (ഇറ്റലി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

