ചലച്ചിത്ര നിർമാതാവ് ജോസ് പ്രക്കാട്ട് അന്തരിച്ചു
text_fieldsകോട്ടയം: ചലച്ചിത്ര നിർമാതാവും വ്യവസായിയുമായിരുന്ന നാട്ടകം പ്രക്കാട്ടിൽ ജോസ് പ്രക്കാട്ട് (ജോസഫ് എബ്രഹാം -74) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ലൂർദ് പള്ളി സെമിത്തേരിയിൽ.
മധ്യതിരുവിതാംകൂറിലെ സ്വർണവ്യാപാരി പി.ടി. എബ്രഹാമിന്റെ മകനാണ്. പിന്നീട് ജോസ് ജ്വല്ലറിയുടെ ചുമതലയേറ്റെടുത്തു. ഓളങ്ങള്‍, യാത്ര, ഊമക്കുയില്‍, കൂടണയും കാറ്റ് എന്നീ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. ബാലു മഹേന്ദ്രയെ പരിചയപ്പെട്ടതോടെയാണ് സിനിമനിർമാണ മേഖലയിലേക്ക് കടന്നത്. പ്രക്കാട്ട് ഫിലിംസ് എന്ന പേരിൽ ബാലു മഹേന്ദ്ര, ഐ.വി. ശശി എന്നിവരുമായി ചേർന്ന് ജോസ് പുറത്തിറക്കിയ സിനിമകളിൽ പലതും സൂപ്പർ ഹിറ്റായിരുന്നു.
മമ്മൂട്ടി, ശോഭന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ, 1985ല്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് ആദ്യനിർമാണ സംരംഭം.
ഭാര്യ: ആർപ്പൂക്കര പുളിക്കപ്പറമ്പിൽ കുടുംബാംഗം റോസമ്മ. മക്കൾ: ഡോൺ പ്രക്കാട്ട്, കരീന, അപ്പു പ്രക്കാട്ട്.
മരുമക്കൾ: റിയ, ജോർജ് ചെറിയാൻ, വർഷ.