ചോദ്യങ്ങളുമായി കുട്ടിക്കൂട്ടം; ചിരി മറുപടിയുമായി കലക്ടർ
text_fieldsബാലാവകാശ വാരാചരണ ഭാഗമായി കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ കലക്ടർ ഡോ. പി.കെ. ജയശ്രീ സംസാരിക്കുന്നു
കോട്ടയം: തെരുവുനായ്, അനാചാരം, നവമാധ്യമങ്ങളുടെ സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങളിൽ കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുമായി ഒരുഭാഗത്ത് കുട്ടിക്കൂട്ടം.
ചോദ്യങ്ങൾക്ക് ചിരി മറുപടി നൽകിയും ഉപദേശിച്ചും മറുവശത്ത് കലക്ടർ. ബാലാവകാശ വാരാചരണ ഭാഗമായി വനിത ശിശു വികസന വകുപ്പും ജില്ല ശിശു സംരക്ഷണ യൂനിറ്റും കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്.എസ് സ്കൂളിൽ സംഘടിപ്പിച്ച ഒരുമണിക്കൂർ നീണ്ട സംവാദ പരിപാടിയിലായിരുന്നു കൗതുകം നിറഞ്ഞത്.
ലഹരിക്കടിപ്പെടുന്ന കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിന് എങ്ങനെ ചേർത്തു നിർത്താം? ബേക്കർ ഹയർ സെക്കൻഡറി സ്കൂളിലെ അനുഗ്രഹയുടെ ചോദ്യത്തോടെയാണ് 'കുട്ടികൾക്കൊപ്പം' കലക്ടർ ഡോ. പി.കെ. ജയശ്രീയുമായുള്ള സംവാദ പരിപാടിക്ക് തുടക്കമായത്.
ആദ്യഘട്ടത്തിൽ സൗജന്യമായും പിന്നീട് വലിയ തുക ഈടാക്കിയും കുട്ടികളെ ചതിക്കുഴിയിൽ വീഴിക്കുന്ന മാഫിയയെ ചെറുക്കാൻ കുട്ടികൾതന്നെ മുന്നോട്ടുവരണമെന്നും ജീവിതംതന്നെ ലഹരിയാക്കണമെന്നും കലക്ടർ പറഞ്ഞു. സംഗീതം, നൃത്തം, ചിത്രരചന എന്നിങ്ങനെ കുട്ടികൾക്കായി വിശാലമായ ഒരു ലോകം മുന്നിലുണ്ട്. അവ പ്രയോജനപ്പെടുത്തണം. ഏതെങ്കിലും തരത്തിലുള്ള പ്രശ്നത്തിലകപ്പെട്ടാൽ അധ്യാപകരെയോ മാതാപിതാക്കളെയോ അറിയിക്കണം.
തെരുവുനായ്ക്കളെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതിയുണ്ടോയെന്ന വിദ്യാർഥികളുടെ ചോദ്യത്തിന് ഈ ലോകം എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്നും അതിനാൽ തെരുവുനായ്ക്കളെ സംരക്ഷിക്കുമെന്നും എ.ബി.സി പദ്ധതി പ്രകാരം കോടിമതയിൽ ഇതിന് സൗകര്യമൊരുക്കുമെന്നും കലക്ടർ പറഞ്ഞു.
നാം വലിച്ചെറിയുന്ന മാലിന്യം ഭക്ഷിക്കാനെത്തുന്ന കുറുനരി വിഭാഗത്തിൽപെട്ട മൃഗങ്ങളിൽനിന്നാണ് പേവിഷബാധ നായ്ക്കൾക്കുണ്ടാകുന്നതെന്നും അതിനാൽ ആരും മാലിന്യം വലിച്ചെറിയരുതെന്നും രക്ഷിതാക്കളോട് ഇക്കാര്യം പറയണമെന്നും അവർ കുട്ടികളെ ഓർമിപ്പിച്ചു.
സിവിൽ സർവിസ് മേഖലയിലേക്ക് എത്തിച്ചേരുന്നതെങ്ങനെയെന്നായി അടുത്ത ചോദ്യം. ജനങ്ങളെ സേവിക്കുന്ന എല്ലാ മേഖലയും സിവിൽ സർവിസാണെന്നും ഓരോന്നിനും അതിന്റേതായ പ്രധാന്യമുണ്ടെന്നും ഐ.എ.എസ്, ഐ.പി.എസ് ലക്ഷ്യം വെക്കുന്നവർ ഒന്നാം ക്ലാസ് മുതൽ പഠനം നടത്തണമെന്നും മറുപടി.
ബസുകളുടെ മത്സരയോട്ടം കുട്ടികളെ ബുദ്ധിമുട്ടിക്കുന്നത് സംബന്ധിച്ച് ചോദ്യത്തിനും കലക്ടർ മറുപടി നൽകി. അമിതവേഗം ശ്രദ്ധയിൽപെട്ടാൽ സ്കൂളുകൾ, ട്രാഫിക് പൊലീസ്, ടോൾഫ്രീ നമ്പറുകൾ, കലക്ടർ എന്നിവരെ കുട്ടികൾക്ക് നേരിട്ട് അറിയിക്കാം. കർശന നടപടിയെടുക്കും. കുറ്റക്കാർക്ക് ആർ.ടി.ഒ മുന്നറിയിപ്പ് നൽകും ആവർത്തിച്ചാൽ വാഹനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.
എം.ടി സെമിനാരി എച്ച്.എസ്.എസ്, ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്.എസ്, മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഏറ്റുമാനൂർ, ശിശുസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.
കോക്കനട്ട് ഷെൽ ക്രാഫ്റ്റിങ്ങിന് സംസ്ഥാനതലത്തിൽ എ ഗ്രേഡും ജില്ലതലത്തിൽ ഒന്നാം സ്ഥാനവും നേടിയ സി.എം.എസ് കോളജ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മിഥിൽ രാജിനെ കലക്ടർ ആദരിച്ചു. ശിശു സംരക്ഷണ വകുപ്പ് കുട്ടികളുടെ സംരക്ഷണത്തിനായി ആരംഭിച്ച ബാലനിധി ക്യു.ആർ കോഡിന്റെ ജില്ലതല ഉദ്ഘാടനവും നടന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. അരുൺ കുര്യൻ ബാലനിധി ധനസമാഹരണ നിധിയിലേക്ക് ആദ്യ സംഭാവന നൽകി.
ജില്ല ശിശുസംരക്ഷണ ഓഫിസർ കെ.എസ്. മല്ലിക, ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക ബീന ബേബി, ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്.എസിലെ അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ നോഡൽ അധ്യാപിക പെക്സി വർഗീസ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ് സി.പി.ഒ രാജി എം. അരുൾ, ജില്ല ശിശുസംരക്ഷണ യൂനിറ്റ് പ്രൊട്ടക്ഷൻ ഓഫിസർ (ഇൻസ്റ്റിറ്റ്യൂഷനൽ കെയർ) അഞ്ജുമോൾ സ്കറിയ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

