തേവലക്കരയിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് 63കാരന് ദാരുണാന്ത്യം
text_fieldsഅബ്ദുൽ മുത്തലിബ്
കരുനാഗപ്പള്ളി (കൊല്ലം): കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാനുള്ള സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിനിടയിൽ പ്രവാസിയായ കുടുംബനാഥന് ദാരുണാന്ത്യം. തേവലക്കര മുള്ളികാല മംഗലത്തു കിഴക്കതിൽ വീട്ടിൽ അബ്ദുൽ മുത്തലിബ് (63) ആണ് മരിച്ചത്. ചവറ - ശാസ്താംകോട്ട സംസ്ഥാനപാതയിൽ തേവലക്കര പടപ്പനാൽ ജംക്ഷനിൽ ബസ് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. സുഹൃത്തായ രാധാകൃഷ്ണനോപ്പം സ്‌കൂട്ടറിൽ ജോലിസ്ഥലത്തേക്ക് പോകവെ ബുധനാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം.
30 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായിരുന്ന അബ്ദുൽ മുത്തലിബ് നാട്ടിലെത്തി കൂലിപ്പണി ചെയ്തുവരുന്നതിനിടെയാണ് അപകടമുണ്ടായത്. ചവറയിൽ നിന്നും അടൂരിലേക്കു പോകുകയായിരുന്ന പ്രൈവറ്റ് ബസ്സിന്റെ പിൻചക്രം കയറി സംഭവസ്ഥലത്തുതന്നെ മുത്തലിബിന് ജീവൻ നഷ്ടമായി. കെ.എസ്.ആർ.ടി.സി ബസിനെ അതിവേഗം മറികടക്കാനുള്ള ശ്രമത്തിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ രാധാകൃഷ്ണൻ പരിക്കില്ലാതെ രക്ഷപെട്ടു.
മുത്തലിബിന്‍റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഷാഹിദയാണ് ഭാര്യ, മക്കൾ :ബുഷ്‌റ, മുനീർ, മുഹമ്മദ് ഷാൻ. തെക്കുംഭാഗം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചവറ -ശാസ്താംകോട്ട റോഡിൽ ബസുകൾ തമ്മിൽ മത്സര ഓട്ടവും ഇത് മൂലമുള്ള അപകടങ്ങളും നിത്യസംഭവമാണ്. ബസുകളുടെ മത്സര ഓട്ടത്തിൽ പ്രധിഷേധിച്ച് ജനകീയ സമിതി പ്രവർത്തകർ പടപ്പനാൽ ജംക്ഷനിൽ പ്രധിഷേധം സംഘടിപ്പിച്ചു. അപകടത്തിനിടയായ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

