ഡോ.എം.എ.ലത്തീഫ് നിര്യാതനായി
text_fieldsകാസർകോട്: ചെര്‍ക്കള മുഹമ്മദിയ്യ ജുമാമസ്ജിദിന് സമീപത്തെ ഡോ. എം.എ ലത്തീഫ് (82) നിര്യാതനായി. ഇന്ന് രാവിലെ ചായ കുടിക്കുന്നതിനിടെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മരണം സംഭവിച്ചു.
എറണാകുളം സ്വദേശിയായ പരേതരായ എം.എ ഹുസൈന്റെയും ബീഫാത്തിമയുടേയും മകനാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ശേഷം 1965-66 കാലഘട്ടത്തില്‍ കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ നിയമനം ലഭിച്ചാണ് എത്തുന്നത്.
പിന്നീട് മുളിയാര്‍ പി.എച്ച്.സിയിലും ദീര്‍ഘകാലം ചെര്‍ക്കള പി.എച്ച്.സിയിലും സേവനം അനുഷ്ഠിച്ചു. കണ്ണൂരില്‍ വെച്ചാണ് വിരമിച്ചത്. ഡി.എം.ഒ ആയി പ്രമോഷന്‍ കിട്ടിയെങ്കിലും പദവി ഏറ്റെടുത്തിരുന്നില്ല. കാസര്‍കോട്ടെത്തിയ ശേഷം ആദ്യകാലത്ത് മൊഗ്രാലിലായിരുന്നു താമസമെങ്കിലും 70കളുടെ മധ്യത്തില്‍ ചെര്‍ക്കള പി.എച്ച്.സിയില്‍ സേവനം ആരംഭിച്ചതോടെ ചെര്‍ക്കളയില്‍ സ്ഥിരതാമസമായി.
ചെര്‍ക്കളയിലെ ജനങ്ങളുമായി അലിഞ്ഞുചേര്‍ന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. എല്ലാവരുമായി സൗഹൃദം പുലര്‍ത്തുകയും ഏതുനേരത്തും ആരു വിളിച്ചാലും ചികിത്സക്കായി ചെല്ലുമായിരുന്നു. അവസാന നാളുകളിലും ചികിത്സാ രംഗത്ത് സജീവമായിരുന്നു.
പെട്ടെന്നുതന്നെ രോഗം തിരിച്ചറിയുന്ന ഡോക്ടറെന്ന നിലയില്‍ ചെര്‍ക്കളയിലേയും പരിസര പ്രദേശങ്ങളിലേയും രോഗികള്‍ ആദ്യം സമീപിക്കാറുണ്ടായിരുന്നത് ഡോ. ലത്തീഫിന്റെ അടുത്താണ്.
ഭാര്യ: ആയിഷ മൊഗ്രാല്‍. മക്കള്‍: ഫൈസല്‍ (ലണ്ടന്‍), ഡോ. ഫവിദ (കുവൈത്ത്), മെഹറുന്നിസ. മരുമക്കള്‍: ഡോ. ആബിദ കൗസര്‍ മംഗളൂറു, ഖലീല്‍ അഡൂര്‍ (കുവൈത്ത്), തെക്കില്‍ മാളിയേക്കല്‍ അബ്ദുല്ലക്കുഞ്ഞി.
കുവൈത്തില്‍ നിന്ന് രാത്രിയോടെ മകള്‍ നാട്ടിലെത്തും. തുടര്‍ന്ന് എട്ട് മണിക്ക് ചെര്‍ക്കള മുഹമ്മദിയ്യ ജുമാമസ്ജിദില്‍ മയ്യത്ത് നിസ്‌കരിച്ച ശേഷം ഒമ്പത് മണിയോടെ മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിയങ്കണത്തില്‍ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

