ചക്കരക്കല്ല്: പുഴയിൽ കുളിക്കാനിറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. ഒഴയിൽ ഭാഗം സഫിയ മൻസിലിൽ മുഹമ്മദ് സജ്ജാദ് ആണ് (15) മരിച്ചത്.
തലശ്ശേരി ബ്രണ്ണൻ എച്ച്.എസ്.എസ് വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഒഴയിൽ ഭാഗം മുതലക്കല്ല് പരിസരത്ത് പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സജ്ജാദ്.
കുളിച്ചു കൊണ്ടിരിക്കേ കൂട്ടുകാരനോടൊപ്പം മറുകരയിലേക്ക് നീന്തിയ സജ്ജാദ് കൂടുതൽ വെള്ളമുള്ള ഭാഗത്തെ പുഴയിലെ കുഴിയിൽ അകപ്പെടുകയായിരുന്നു.
അടുത്തുതന്നെയുള്ള ചെമ്മീൻ പാടത്തിലെ തൊഴിലാളി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിഞ്ഞ് നാട്ടുകാർ തോണിയിലെത്തി രക്ഷാപ്രവർത്തനം നടത്തി. തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സിദ്ദീഖിെൻറയും തസ്ലിമയുടെയും മകനാണ്. സഹോദരൻ: സിനാൻ.