എൻജി. കോളജ് വിദ്യാർഥി ഗോവയില്‍ കടലില്‍ മുങ്ങിമരിച്ചു
text_fieldsശ്രീകണ്ഠപുരം (കണ്ണൂർ): വിനോദയാത്രക്ക് പോയി ഗോവയിൽ കടലില്‍ കാണാതായ ചെമ്പേരി വിമല്‍ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ആലക്കോട് ചെറുപാറയിലെ പുല്ലാനിക്കാവില്‍ ഷാജു -ജാന്‍സി ദമ്പതികളുടെ മകനും ചെമ്പേരി കോളജിലെ മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ നിർമല്‍ ഷാജുവിന്റെ (21) മൃതദേഹമാണ് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. കാണാതായ സ്ഥലത്തു നിന്ന് അകലെ പാറക്കെട്ടില്‍ തങ്ങിനില്ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒമ്പതിനാണ് നിർമലടക്കം അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന 280അംഗ സംഘം കോളജില്‍നിന്ന് വിനോദയാത്ര പോയത്.
ഗോവ പനാജിക്ക് സമീപം വാഗപ്പുരില് എത്തിയപ്പോഴാണ് ദുരന്തമുണ്ടായത്. കടലിൽ കുളിക്കുന്നതിനിടെ നിർമൽ ഒഴുക്കിൽപെടുകയായിരുന്നു. കൂടെയിറങ്ങിയിരുന്ന മറ്റ് കുട്ടികള്‍ തിരികെ കരയിലെത്തിയെങ്കിലും നിർമലിനെ കണ്ടെത്താനായില്ല. പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശനിയാഴ്ച രാവിലെ വിമാനമുള്‍പ്പെടെ സ്ഥലത്തെത്തിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഞായറാഴ്ച ഉച്ച കഴിഞ്ഞ് ചെറുപാറ പള്ളിയിൽ സംസ്കരിക്കും. സഹോദരി: നീതു (ബംഗളൂരു).