കോവിഡ്: ന്യൂമാഹിയിൽ ഒരുവീട്ടിലെ നാലാമത്തെയാളും മരിച്ചു
text_fieldsപി.കെ.വി. ഫൗസിയ, പുതുവാച്ചേരി ബഷീർ, പി.കെ.വി. ഫാസില, പി.കെ.വി. ആരിഫ,
ന്യൂമാഹി: ന്യൂമാഹിയിൽ 10 ദിവസത്തിനിടെ കോവിഡ് കവർന്നത് ഒരുവീട്ടിലെ നാലുപേരുടെ ജീവൻ. മാഹി പാലത്തിന് സമീപം റാബിയാസിലെ നാലുപേരാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ കോവിഡ് ബാധിച്ചുമരിച്ചത്.
പരേതരായ കേളോത്ത് പൊയിലിൽ മമ്മുവിെൻറയും പി.കെ.വി.റാബിയയുടെയും മകൾ പി.കെ.വി. ഫൗസിയ (59) ആണ് ശനിയാഴ്ച മരിച്ചത്. അർബുദ ബാധിതയായിരുന്ന ഇവർ കോവിഡിനെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് നടന്ന പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. ഇവരുടെ ഭർത്താവ് പുതുവാച്ചേരി ബഷീർ, ഫൗസിയയുടെ സഹോദരിമാരായ ആരിഫ, ഫാസില എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആരിഫ (52) കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയും കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ബഷീർ (65) വ്യാഴാഴ്ച രാവിലെയുമാണ് മരിച്ചത്. ഫൗസിയയുടെ മറ്റൊരു സഹോദരി പി.കെ.വി. ഫാസില 10 ദിവസം മുമ്പാണ് കോവിഡ് ബാധിച്ച് മരിച്ചത്.
സുമയ്യയാണ് ബഷീർ -ഫൗസിയ ദമ്പതികളുടെ ഏക മകൾ. മരുമകൻ: യാസർ (ഒമാൻ ലുലു ഗ്രൂപ്പ്). മറ്റ് സഹോദരങ്ങൾ: അസീബ്, ഷഫീക്ക്, സാദിക്ക്, താഹിറ.

