ഇടുക്കിയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം
text_fieldsഭാഗ്യം, പൗലോസ്
അടിമാലി/പീരുമേട്: ഇടുക്കി ജില്ലയിലെ ഏലപ്പാറയിലും അടിമാലിയിലും മണ്ണിടിച്ചിലിൽ രണ്ടു മരണം. കോഴിക്കാനം എസ്റ്റേറ്റിൽ ലയത്തിന് പിൻവശത്തേക്ക് മൺതിട്ട ഇടിഞ്ഞ് തൊഴിലാളിയായ രണ്ടാം ഡിവിഷനിൽ പതിമൂന്നുമുറി ലയത്തിൽ രാജുവിന്‍റെ ഭാര്യ ഭാഗ്യവും (പുഷ്പ -50) അടിമാലിയിൽ നിർമാണം നടക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞ് മുതുവാൻകുടി കുഴിയാലിയിൽ കെ.സി. പൗലോസുമാണ് (56) മരിച്ചത്.
തിങ്കളാഴ്ചപുലർച്ച നാലരയോടെയാണ് കോഴിക്കാനത്തെ അപകടം. അടുക്കളയോട് ചേർന്ന ചാർത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് ഭാഗ്യം നിന്നിരുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞത്. മണ്ണും കല്ലും ഒന്നിച്ചു പതിച്ചതോടെ അടുക്കള വാതിലിനും ഭിത്തിക്കും ഇടയിൽ അകപ്പെടുകയായിരുന്നു. അപകടം നടക്കുമ്പോൾ ഇവരുടെ ഭർത്താവും മൂന്ന് മക്കളും അടുത്ത മുറിയിൽ കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു. മക്കൾ: പ്രദീപ്, പ്രിയ, അജി.
അടിമാലി മുതുവാൻകുടിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് നിർമാണം നടക്കുന്നതിനിടെ മൺഭിത്തി ഇടിഞ്ഞ് പൗലോസ് (56) മരിച്ചത്. ഉച്ചഭക്ഷണത്തിനുശേഷം പത്തടിയോളം ഉയരമുള്ള മൺതിട്ടയുടെ ചുവട്ടിൽ വിശ്രമിക്കുന്നതിനിടെ തിട്ട ഇടിയുകയായിരുന്നു. ഭാര്യ: ഷേർളി. മക്കൾ: ആൽബിൻ, അനീഷ.