ഐ.എസ്.ആർ.ഒ ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട ഫൗസിയ ഹസൻ നിര്യാതയായി
text_fieldsകൊളംബോ: കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ ഐ.എസ്.ആർ.ഒ ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട മാലദ്വീപ് വനിത ഫൗസിയ ഹസൻ (80) ശ്രീലങ്കയിൽ നിര്യാതയായി. മാലദ്വീപ് വിദേശകാര്യമന്ത്രിയാണ് മരണവിവരം സ്ഥിരീകരിച്ചത്. 1994ൽ കേരളത്തെ പിടിച്ചുകുലുക്കിയ ചാരക്കേസിൽ രണ്ടാം പ്രതിയായിരുന്ന നടി കൂടിയായ ഇവരെ പിന്നീട് കുറ്റമുക്തയാക്കി. മാലദ്വീപ് സ്വദേശിയായ മറിയം റഷീദയായിരുന്നു ഒന്നാം പ്രതി.
ദീർഘകാലമായി ശ്രീലങ്കയിൽ താമസമായിരുന്ന ഇവർ അർബുദത്തിന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽവെച്ചായിരുന്നു മരണം. ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനിൽനിന്ന് രഹസ്യങ്ങൾ ചോർത്തിയെന്നാരോപിച്ച് മൂന്നു വർഷം കേരളത്തിൽ ജയിലിലായിരുന്നു.
1942ൽ ജനിച്ച ഇവർ മാലദ്വീപിലും ശ്രീലങ്കയിലും വിദ്യാഭ്യാസം നേടിയശേഷം മാലദ്വീപ് വിദേശകാര്യമന്ത്രാലയത്തിൽ ജോലിചെയ്തു. പിന്നീട് 10 വർഷം മാലദ്വീപ് നാഷനൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഓഫിസറായിരുന്നു. ഇതിനിടെ ഏതാനും ടെലിവിഷൻ സീരിയലുകളിലും നൂറോളം ചലച്ചിത്രങ്ങളിലും അഭിനയിച്ചു. മാലദ്വീപ് സിനിമകളിലെ അഭിനയത്തിന് 2008ലും 2019ലും സഹനടിക്കുള്ള ഗൗമി ഫിലിം അവാർഡ് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

