മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ നവീന്‍ ചൗള അന്തരിച്ചു
text_fieldsനവീന്‍ ചൗള
ന്യൂഡൽഹി: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നവീൻ ചൗള അന്തരിച്ചു. 79 വയസ്സായിരുന്നു. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്ക ശസ്ത്രക്രിയക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഡോ. എസ്. വൈ. ഖുറേഷിയാണ് നവീന്‍ ചൗളയുടെ മരണവിവരം അറിയിച്ചത്.
ഇന്ത്യയുടെ പതിനാറാമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്നു നവീന്‍ ചൗള. 2005നും 2009നും ഇടയിൽ തെരഞ്ഞെടുപ്പ് കമീഷണറും 2009 ഏപ്രിൽ മുതൽ 2010 ജൂലൈ വരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുമായി പ്രവർത്തിച്ചു. മദര്‍ തെരേസയുടെ ജീവചരിത്രകാരന്‍ കൂടിയാണ് ഇദ്ദേഹം.
നവീൻ ചൗള പക്ഷപാതിത്വത്തോടെ പെരുമാറുന്നുവെന്ന് അന്നത്തെ പ്രതിപക്ഷമായ ബി.ജെ.പി ആരോപണമുയര്‍ത്തിയിരുന്നു. ബി.ജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ നീക്കം ചെയ്യാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ എന്‍. ഗോപാലസ്വാമി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്‌തു. അദ്ദേഹത്തെ നീക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവായ എല്‍.കെ. അദ്വാനിയും 204 എംപിമാരും ഒപ്പിട്ട നിവേദനം രാഷ്‌ട്രപതി എ.പി.ജെ അബ്‌ദുള്‍ കലാമിനും സമര്‍പ്പിച്ചു. ബി.ജെ.പി ഇക്കാര്യം സുപ്രീം കോടതിയിലും എത്തിച്ചു.
1945 ജൂലൈ 30ന് ജനിച്ച ചൗള ഹിമാചൽ പ്രദേശിലെ ലോറൻസ് സ്കൂളിലും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് യൂനിവേഴ്സിറ്റി ഓഫ് ലണ്ടനിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും ഉപരിപഠനം നടത്തിയിട്ടുണ്ട്. 1969 ബാച്ചിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ചൗള ഗവൺമെന്റ് സെക്രട്ടറിയുടെ ചുമതലയും വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

