കരൾ പിളരും ദാരുണാന്ത്യം: സുഖമില്ലാത്ത ഭാര്യക്ക് നൽകാൻ കരിക്ക് പറിക്കുന്നതിനിടെ അച്ഛന് ഷോക്കേറ്റു, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മകനും; മൃതദേഹം പകുതിയോളം കത്തിക്കരിഞ്ഞു
text_fieldsവിഴിഞ്ഞം: അച്ഛനും മകനും ദാരുണമായി മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് വിഴിഞ്ഞം ചൊവ്വര നിവാസികൾ. സുഖമില്ലാതെ കിടക്കുന്ന ഭാര്യക്ക് നൽകാൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് കരിക്ക് പറിക്കുന്നതിനിടെ അപ്പുക്കുട്ടനും ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മകൻ റെനിലിനും ഷോക്കേൽക്കുകയായിരുന്നു. ഇരുവരും തൽക്ഷണം സംഭവസ്ഥലത്ത് പിടഞ്ഞുമരിച്ചു. മൃതദേഹങ്ങൾ പകുതിയോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
തിരുവനന്തപുരം വിഴിഞ്ഞം ചൊവ്വര സോമതീരം റിസോർട്ടിന് സമീപം പുതുവൽ പുത്തൻ വീട്ടിൽ അപ്പുക്കുട്ടൻ (65), മകൻ റെനിൽ (36) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30 നാണ് സംഭവം. അപ്പുക്കുട്ടന്‍റെ ഭാര്യ സരസമ്മ സുഖമില്ലാതെ കിടക്കുന്നതിനാൽ ഇവർക്ക് നൽകാൻ കരിക്ക് പറിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.
വീടിനോട് ചേർന്ന കടയുടെ ടെറസിന് മുകളിൽ കയറി അപ്പുക്കുട്ടൻ കരിക്ക് പറിക്കുന്നതിനിടെ വഴുതിയ തോട്ടി സമീപത്തുകൂടി കടന്നുപോകുന്ന 11 കെ.വി വൈദ്യുതി ലൈനിൽ കുടുങ്ങുകയായിരുന്നു. ഈ സമയം സ്വകാര്യ ഗ്യാസ് ഏജൻസിയിലെ ഡ്രൈവറായ മകൻ റെനിൽ ഇതുവഴി വന്നു. ടെറസിന് മുകളിൽനിന്ന് തീ ഉയരുന്നത് കണ്ട് നിലവിളിച്ച് പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിനും വൈദ്യുതി ആഘാതം ഏൽക്കുകയായിരുന്നു.
മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു. റെജി, ജിജി എന്നിവരാണ് അപ്പുക്കുട്ടന്‍റെ മറ്റ് മക്കൾ. മരുമകൻ: പ്രദീപ്.