മാണ്ഡ്യ കലക്ടറേറ്റിന് മുന്നിൽ കർഷകൻ തീക്കൊളുത്തി മരിച്ചു; കടുംകൈക്ക് കാരണം ഭൂമിതർക്കം
text_fieldsമന്ത്രി ചെലുവരയ സ്വാമി മഞ്ചെ ഗൗഡയുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നു
മംഗളൂരു: മാണ്ഡ്യ ജില്ല ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിൽ തീകൊളുത്തി ബുധനാഴ്ച ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ ബംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചു. കെ.ആർ പേട്ട താലൂക്കിലെ മൂഡനഹള്ളിയിൽ എം.ഡി മഞ്ചെഗൗഡ(55) യാണ് മരിച്ചത്. വർഷങ്ങളായി ഭൂമി ഏറ്റെടുക്കൽ കേസിൽ നഷ്ടപരിഹാരമോ പകരം ഭൂമിയോ അനുവദിക്കാത്തതിൽ മനംനൊന്താണ് കടുംകൈ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഡിസി ഓഫിസിന് എതിർവശത്തുള്ള കാവേരി പാർക്കിലാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയത്. നാട്ടുകാർ ഓടിയെത്തി മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (മിംസ്) പ്രവേശിപ്പിച്ചു. 60 ശതമാനത്തിലധികം പൊള്ളലേറ്റതിനാൽ, വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ ആരോപണങ്ങൾ പരിശോധിച്ച് ആവശ്യമായ അന്വേഷണം ആരംഭിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മാണ്ഡ്യ ജില്ലയുടെ ചുമതലയുള്ള മന്ത്രി എൻ. ചെലുവരയസ്വാമി വിക്ടോറിയ ആശുപത്രി സന്ദർശിച്ച് കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ച കർഷകന് അന്ത്യാഞ്ജലി അർപ്പിച്ച മന്ത്രി, കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് ഉറപ്പ് നൽകി. സംഭവത്തിലേക്ക് നയിച്ച തർക്ക ഭൂമിയെക്കുറിച്ച് സംയുക്ത സർവേ നടത്തും. പ്രസ്തുത ഭൂമി വനം വകുപ്പിന്റേതല്ലെന്ന് കണ്ടെത്തിയാൽ അത് കർഷക കുടുംബത്തിന് കൈമാറുമെന്നും ചെലുവരായസ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

