നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും നൂറുൽ ഇസ്‌ലാം സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാൻ അന്തരിച്ചു
text_fieldsഡോ. എ.പി. മജീദ് ഖാൻ
തിരുവനന്തപുരം: നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലറും ഇരുപതോളം നൂറുൽ ഇസ്‌ലാം വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ ചെയർമാനുമായ ഡോ. എ.പി. മജീദ് ഖാൻ (91) അന്തരിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നത വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിത്വമാണ്. നെയ്യാറ്റിൻകര വെള്ളംകുളം ബംഗ്ലാവിൽ അലിസൻ മുഹമ്മദിന്റെയും സൽമാബീവിയുടെയും മകനാണ്.
കേരളത്തിലെ ആദ്യത്തെ സ്വകാര്യ സാങ്കേതിക പരിശീലന സംരംഭമായ അമരവിള എൻ.ഐ. ഐ.ടി.ഐ. ആരംഭിച്ചുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രം കുറിച്ച അദ്ദേഹം, കന്യാകുമാരി ജില്ലയിലെ ആദ്യത്തെ എഞ്ചിനീയറിങ് കോളേജിന്റെ സ്ഥാപകൻ കൂടിയാണ്. കേരള രൂപീകരണ സമയത്ത് സംസ്ഥാനം അളന്നു തിട്ടപ്പെടുത്തിയ ദൗത്യത്തിൽ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ സജീവമായി പങ്കുചേർന്നിരുന്നു. കേരളത്തിന്റെ വൈദ്യുതീകരണത്തിലും പ്രത്യേകിച്ച് മലബാർ മേഖലകളിലും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന യുദ്ധസമയത്ത് ഇന്ത്യൻ സൈനികർക്കും എയർക്രാഫ്റ്റ് എഞ്ചിനീയർമാർക്കും സാങ്കേതിക പരിശീലനം നൽകുന്നതിലും അദ്ദേഹവും സ്ഥാപനവും നിർണായക പങ്ക് വഹിച്ചു. നൂറുൽ ഇസ്‌ലാം എജ്യുക്കേഷണൽ ട്രസ്റ്റിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹം സ്ഥാപിച്ച നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ആരോഗ്യ രംഗത്തെ വലിയൊരു ചുവടുവെപ്പായിരുന്നു.
സൈഫുന്നീസയാണ് ഭാര്യ. മക്കൾ: ശബ്നം ഷഫീക്ക് (നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ), എം.എസ്. ഫൈസൽ ഖാൻ (നൂറുൽ ഇസ്‌ലാം സർവകലാശാല പ്രൊ-ചാൻസലർ, നിംസ് മെഡിസിറ്റി എം.ഡി). രാവിലെ 8.30 മുതൽ 10.30വരെ തക്കല നൂറുൽ ഇസ്‌ലാം സർവകലാശാലയിലും 11.30 മുതൽ 3.30വരെ നെയ്യാറ്റിൻകരയിലെ സ്വവസതിയിലും പൊതുദർശനം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

